മൈക്കും ബഹളങ്ങളും വേണ്ട; കുട്ടികള്‍ പഠിച്ചോട്ടെ; ബിജെപിയോട് സുപ്രീം കോടതി

പരീഷാ കാലത്ത് പശ്ചിമ ബംഗാളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
മൈക്കും ബഹളങ്ങളും വേണ്ട; കുട്ടികള്‍ പഠിച്ചോട്ടെ; ബിജെപിയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: പരീഷാ കാലത്ത് പശ്ചിമ ബംഗാളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെന്ന് പരമോന്നത കോടതി വ്യക്തമാക്കി. 

കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. അതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജനവാസ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലകളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. ആ മാസങ്ങളില്‍ വാര്‍ഷിക പരീക്ഷകളും പൊതുപരീഷകളും നടക്കുന്നതിലാണ് ഉച്ചഭാഷിണികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 2013ലാണ് മമത ബാനര്‍ജി സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. 
 
ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലായി പൊതു തരഞ്ഞെടുപ്പ് വരുമെന്നതിനാല്‍ പ്രചാരണത്തിനായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകമാണ് ഹര്‍ജി നല്‍കിയത്. ശബ്ദമലിനീകരണം എന്നത് അംഗീകരിക്കുന്നുവെന്നും എന്നാല്‍ ജനവാസ മേഖലകളില്‍ മുഴുവനും ഉച്ചഭാഷിണികള്‍ വിലക്കിയത് രാഷ്ട്രീയ ലാക്കോടെയാണെന്നും ബിജെപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ബലപ്രയോഗത്തിലൂടെ വായ് മൂടിക്കെട്ടാനുള്ള തൃണമൂല്‍ സര്‍ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടികളുടെ ജനാധിപത്യ അവകാശമാണ് പൊതു സമൂഹത്തിന്റെ പിന്തുണ തേടി ഉച്ചഭാഷിണി വഴിയുള്ള പ്രചാരണമെന്നും ഹര്‍ജിയില്‍ ബിജെപി വ്യക്തമാക്കി. 

ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മില്‍ നിലനില്‍ക്കുന്ന ശീത സമരത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഹര്‍ജിക്ക് പിന്നിലെന്ന് വിലയിരുത്തലുകള്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com