കോടതി അലക്ഷ്യം : നാഗേശ്വര റാവുവിന് ഒരു ലക്ഷം രൂപ പിഴ ; കോടതി പിരിയും വരെ തടവ്

 മു​സ​ഫ​ർ​പൂ​ർ ലൈം​ഗിക​പീ​ഡ​ന​ കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥനായ എ കെ ശർമ്മയെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വ​ത്തി​ലാണ് നടപടി
കോടതി അലക്ഷ്യം : നാഗേശ്വര റാവുവിന് ഒരു ലക്ഷം രൂപ പിഴ ; കോടതി പിരിയും വരെ തടവ്


ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ സിബിഐ മുന്‍ ഇടക്കാല മേധാവി നാഗേശ്വര റാവുവിനെ സുപ്രിംകോടതി ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ഇന്ന് കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബി​ഹാ​റി​ലെ മു​സ​ഫ​ർ​പൂ​ർ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ലൈം​ഗിക​പീ​ഡ​ന​ കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥനായ എ കെ ശർമ്മയെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വ​ത്തി​ലാണ് നടപടി. നാ​ഗേശ്വര റാവുവിന്റെ മാപ്പപേക്ഷ കോടതി തള്ളി. 

ഒരാഴ്ചയ്ക്കകം പിഴ തുക കെട്ടിവെക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. നാ​ഗേശ്വര റാവു ചെയ്തത് കോടതിയലക്ഷ്യമാണ്. അദ്ദേഹത്തിന്റെ കരിയറിൽ ഇക്കാര്യം രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. സിബിഐ ലീഡൽ അഡ്വൈസറെയും കോടതി പിരിയും വരെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇതുവരെ യാതൊരു ആക്ഷേപങ്ങളുമില്ലാത്ത, മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോ​ഗസ്ഥനാണ് നാ​ഗേശ്വര റാവു. അതിനാൽ അദ്ദേഹത്തിന്റെ മാപ്പപേക്ഷ പരി​ഗണിച്ച് കോടതിയിൽ നിന്നും ദയാപരമായ നടപടി ഉണ്ടാകണമെന്നും അറ്റോർണി ജനറൽ കെ കെ വേണു​ഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ മാപ്പപേക്ഷ പരി​ഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

സംഭവത്തിൽ സുപ്രിംകോടതിയിൽ നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് നാ​ഗേശ്വരറാവു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തന്റെ നടപടി തെറ്റായിപ്പോയെന്നും, കോടതിയോട് നിരുപാധികം മാപ്പു ചോദിക്കുന്നതായും നാ​ഗേശ്വര റാവു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സു​പ്രിം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ൾ താ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​. സ്ഥലംമാറ്റത്തിന് മുമ്പ് നിയമപരമായി തടസ്സമുണ്ടോ എന്ന് പരിശോധിക്കാതിരുന്നതും തന്റെ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ നാ​ഗേശ്വരറാവു വ്യ​ക്ത​മാ​ക്കിയിരുന്നു.

കേസന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ജോയിന്റ് ഡയറക്ടർ എ കെ ശർമ്മയെയാണ് ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവു സ്ഥലംമാറ്റിയത്. ഇത് ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോ​ഗസ്ഥനായ എ കെ ശർമ്മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരി​ഗണനയിലുള്ള കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനെ, കോടതിയുടെ അനുമതി കൂടാതെ സ്ഥലംമാറ്റിയത് കോടതി അലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ദൈവത്തിന് മാത്രമേ ഇനി നാ​ഗേശ്വരറാവുവിനെ രക്ഷിക്കാനാകൂ എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാനും കോടതി തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് നാ​ഗേശ്വര റാവു മാപ്പ് ചോദിച്ച് സത്യവാങ്മൂലം സമർപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com