ബംഗാളില്‍ ഒരു തൃണമൂല്‍ നേതാവ് കൂടി കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ ബിജെപിയെന്ന് ആരോപണം

പര്‍ബ മേദിനപുര്‍ ജില്ലയിലെ കാന്തിയിലുള്ള തൃണമൂലിന്റെ മൂന്ന് ഗ്രാമ പഞ്ചായത്ത് സമിതികളുടെ അധ്യക്ഷനായ റിതേഷ് റോയിയെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
ബംഗാളില്‍ ഒരു തൃണമൂല്‍ നേതാവ് കൂടി കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ ബിജെപിയെന്ന് ആരോപണം


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. പര്‍ബ മേദിനപുര്‍ ജില്ലയിലെ കാന്തിയിലുള്ള തൃണമൂലിന്റെ മൂന്ന് ഗ്രാമ പഞ്ചായത്ത് സമിതികളുടെ അധ്യക്ഷനായ റിതേഷ് റോയിയെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഹൂഗ്ലി ജില്ലയിലെ ദാദ്പൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃണമൂല്‍ എംഎല്‍എ സത്യജിത്ത് ബിശ്വാസും കൊല്ലപ്പെട്ടിരുന്നു. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ മാസം ബംഗാളില്‍ നടത്തിയ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പങ്കുള്ള ആളാണ് റിതേഷെന്ന ആരോപണമുണ്ട്. ഇക്കഴിഞ്ഞ ഏഴാം തീയതി മുതല്‍ റിതേഷിനെ കാണാനില്ലെന്ന് കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. 

മൃതദേഹത്തിന്റെ കഴുത്തിന് ചുറ്റും ആഴത്തില്‍ മുറിവുണ്ടായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുമുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം മാറ്റിയിട്ടുണ്ട്. 

ഫെബ്രുവരി ഏഴിന് റിതേഷ് വീട്ടില്‍ നിന്ന് പോയതായി ഭാര്യ മഹുവ റോയ് പറയുന്നു. കോലഘട്ടിലേക്ക് പോകുന്നതായി പറഞ്ഞാണ് റിതേഷ് വീട്ടില്‍ നിന്നിറങ്ങിയത്. അന്ന് രാത്രി ഒന്‍പത് മണിക്ക്, തന്നെ ഫോണില്‍ വിളിച്ച് ഒരു സുഹൃത്തിനൊപ്പം മാല്‍ഡയിലേക്ക് പോകുകയാണെന്ന് പറഞ്ഞതായും ഭാര്യ പറയുന്നു. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. റിതേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി ഒന്‍പതിനാണ് കുടുംബം പരാതി നല്‍കിയത്. 

ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com