റഫാല്‍ ഇടപാട് : റിപ്പോര്‍ട്ട് സിഎജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു ; ഇന്ന് പാര്‍ലമെന്റില്‍

വിവാദ വെളിപ്പെടുത്തലുകള്‍ക്കിടെ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ചു
റഫാല്‍ ഇടപാട് : റിപ്പോര്‍ട്ട് സിഎജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു ; ഇന്ന് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി : വിവാദ വെളിപ്പെടുത്തലുകള്‍ക്കിടെ റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹറിഷി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനും റിപ്പോര്‍ട്ടു നല്‍കി. സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെക്കുമെന്നാണ് സൂചന. 

സിഎജി റിപ്പോര്‍ട്ട് രണ്ട് ഭാഗങ്ങളായാണ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടത്തിയ 11 കരാറുകളുടെ വിശകലനമാണ് ആദ്യഭാഗത്തുള്ളത്. രണ്ടാം ഭാഗത്തിലാണ് റഫാല്‍ വിമാന ഇടപാട് പ്രതിപാദിക്കുന്നത്. എന്നാല്‍ പ്രതിരോധമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച്, വിമാനത്തിന്റെ വില അടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല എന്നാണ് സൂചന. 

റഫാല്‍ കരാറില്‍ അഴിമതിവിരുദ്ധ വ്യവസ്ഥയും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള അധികാരവും ഒഴിവാക്കിയെന്ന് ഇന്നലെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചില്ല. ഇതനുസരിച്ചു റഫാല്‍ വിമാനക്കമ്പനി ഡാസോ ഏവിയേഷന്‍, മിസൈല്‍ നിര്‍മാതാവ് എംബിഡിഎ ഫ്രാന്‍സ് എന്നിവരില്‍നിന്നു പിഴ ഈടാക്കാനുള്ള അധികാരം ഇല്ലാതായിയെന്നും ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് സമാന്തരമായി ചര്‍ച്ചകള്‍ നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു പുതിയ തെളിവുകള്‍ പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com