സിനിമാ തിയേറ്ററില്‍ പുറത്ത് നിന്നുള്ള ഭക്ഷണം വേണ്ട; വിലക്ക് നീക്കില്ലെന്ന് കോടതി , ഹര്‍ജി തള്ളി

തിയേറ്റര്‍ സ്വകാര്യ സ്ഥാപനമാണെന്നും ഉടമകളുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി
സിനിമാ തിയേറ്ററില്‍ പുറത്ത് നിന്നുള്ള ഭക്ഷണം വേണ്ട; വിലക്ക് നീക്കില്ലെന്ന് കോടതി , ഹര്‍ജി തള്ളി

ചെന്നൈ: സിനിമാ തിയേറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുവരുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന പൊതുതാത്പര്യ ഹര്‍ജിയും കോടതി തള്ളി. തിയേറ്ററിനുള്ളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന് അമിത വിലയാണ് ഈടാക്കുന്നതെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തിയേറ്റര്‍ സ്വകാര്യ സ്ഥാപനമാണെന്നും ഉടമകളുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ഇതേ വിഷയത്തില്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തിയേറ്ററുടമകള്‍ക്ക് വലിയ വിമര്‍ശനമാണ് നേരിട്ടത്. തിയേറ്ററുടമകളുടെ നടപടി നിയമ വിരുദ്ധമാണെന്നും ഭക്ഷണ സാധനങ്ങള്‍ വിലക്കാന്‍  അനുവാദമില്ലെന്നുമുള്ള ഹര്‍ജി ജൈനേന്ദ്ര ബക്ഷിയാണ് പൊതുതാത്പര്യ ഹര്‍ജിയായി സമര്‍പ്പിച്ചത്. പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വരുന്നതിനുള്ള വിലക്ക് ചെറിയ കുട്ടികളെയും പ്രായം ചെന്നവരെയും ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ ജങ്ക് ഫുഡുകള്‍ നല്‍കാനാവില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നിയമാനുസൃതമുള്ള നടപടിയാണോ അതോ തിയേറ്ററുടമകളുടെ തന്നിഷ്ടമാണോ എന്നാണ് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com