കാണാതായ വിവരാവകാശ പ്രവർത്തകൻ മരിച്ചനിലയിൽ ; കൊലപാതകമെന്ന് സംശയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2019 06:49 AM |
Last Updated: 13th February 2019 06:49 AM | A+A A- |

പൂനെ: കാണാതായ വിവരാവകാശ പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി. വിനായക് ഷിര്‍സാത്ത് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ലാവസായിലെ മുത്തയില്‍ നിന്നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞമാസം പൂനെയില്‍ നിന്നാണ് ഇയാളെ കാണാതായത്. കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ജനുവരി 30നാണ് വിനായകിനെ കാണാതായത്. പിറ്റേന്ന് തന്നെ കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. നഗരത്തില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങളെ കുറിച്ച് പ്രതികരിച്ചതിനെ തുടര്‍ന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിനായകിനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഈ മാസം അഞ്ചിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വിനായകിനെ കാണാതായതില്‍ സംശയം പ്രകടിപ്പിച്ച റിയല്‍ എസ്‌റ്റേറ്റുകാരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇവരെല്ലാം വിനായകിന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് വിലയിരുത്തൽ. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പുതിയ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.