മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണം; പ്രശംസ ചൊരിഞ്ഞ് മുലായം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2019 04:27 PM |
Last Updated: 13th February 2019 04:27 PM | A+A A- |

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിവുള്ള നേതാവാണ് മോദിയെന്നും ഇങ്ങനെയൊരാള്‍ പ്രധാനമന്ത്രിയാവണമെന്നാണ് തന്റെ ആഗ്രഹമെന്നും മുലായം പറഞ്ഞു. ലോക്‌സഭയിലായിരുന്നു മുലായത്തിന്റെ പരാമര്‍ശം.
''അദ്ദേഹം ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോവുന്നതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു'' -മുലായം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വച്ചത്. അതിന്റെ പേരില്‍ മോദിക്കു നേരെ വിരലുയര്‍ത്താന്‍ ഒരാള്‍ക്കും കഴിയില്ല- മുലായം പറഞ്ഞു.
തൊഴുകൈകളോടെയാണ് പ്രധാനമന്ത്രി മുലായത്തിന്റെ വാക്കുകളെ സ്വീകരിച്ചത്.
ദേശീയതലത്തില്‍ തത്വത്തിലെങ്കിലും മോദി വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീവ്രശ്രമം നടത്തുന്നതിനിടെയാണ് പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മോദിയെ പുകഴ്ത്തുന്ന വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പില്‍, പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു രംഗത്ത് ഉപയോഗിക്കപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
യുപിയില്‍ ബിജെപിക്കെതിരെ എസ്പി നേതാവും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും സഖ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം തന്നെ എസ്പിയില്‍ ആ്ഭ്യന്തരക്കുഴപ്പങ്ങളും ഭിന്നതയും മൂര്‍ഛിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.