റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍ ; പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍ കരാറിനേക്കാള്‍ മോശം ; ഇന്ത്യന്‍ സംഘത്തിലുള്ളവര്‍ ആശങ്ക അറിയിച്ചു

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. പുതിയ കരാര്‍ മുന്‍ കരാറിനേക്കാള്‍ ലാഭകരമാണെന്ന വാദം തെറ്റാണ്
റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍ ; പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍ കരാറിനേക്കാള്‍ മോശം ; ഇന്ത്യന്‍ സംഘത്തിലുള്ളവര്‍ ആശങ്ക അറിയിച്ചു

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍ കരാറിനേക്കാള്‍ മോശമാണെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സംഘത്തിലെ പ്രതിനിധികള്‍ പുതിയ കരാറില്‍ ആശങ്ക രേഖപ്പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്നുപേരാണ് ആശങ്ക അറിയിച്ചത്. ദ ഹിന്ദു ദിനപ്പത്രമാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്. 

പുതിയ കരാര്‍ മുന്‍ കരാറിനേക്കാള്‍ ലാഭകരമാണെന്ന വാദം തെറ്റാണ്. വിമാനങ്ങളുടെ വിലയും സമയക്രമവും സംബന്ധിച്ചും ഇന്ത്യന്‍ സംഘ പ്രതിനിധികള്‍ ആശങ്ക രേഖപ്പെടുത്തി. വിമാനത്തിന്റെ ബെഞ്ച് മാര്‍ക്ക് വില മുന്‍ കരാറിനേക്കാള്‍ കൂടുതലാണ്. ആദ്യ 18 വിമാനം നല്‍കാനുള്ള സമയപരിധിയും കൂടുതലാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 

എട്ടുപേജുള്ള കുറിപ്പെഴുതിയത് കരാര്‍ ഒപ്പിടുന്നതിന് മൂന്നു മാസം മുമ്പാണ്. കരാറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന എംപി സിംഗ്, എ ആര്‍ സുലെ, രാജീവ് വര്‍മ്മ എന്നിവരാണ് ആശങ്ക രേഖപ്പെടുത്തിയത്. 2016 ജൂണ്‍ ഒന്നിനാണ് ഇവര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്. 

മുന്‍ യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിനേക്കാള്‍ മികച്ചതാണെന്നായിരുന്നു മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് തിരിച്ചടിയാണ് പുതിയ വെളിപ്പെടുത്തല്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com