ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ആംആദ്മി പാര്‍ട്ടി സഖ്യത്തിലേക്ക്; പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലെന്ന് മമത 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലുളള സഖ്യസാധ്യതയിലേക്ക് വെളിച്ചം വീശി മമത ബാനര്‍ജി
ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ആംആദ്മി പാര്‍ട്ടി സഖ്യത്തിലേക്ക്; പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലെന്ന് മമത 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലുളള സഖ്യസാധ്യതയിലേക്ക് വെളിച്ചം വീശി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന്ആംആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നതായി മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ പന്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണെന്നും മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം എന്‍സിപി നേതാവ് ശരത് പവാറിന്റെ വസതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളും യോഗത്തില്‍ ഒരുമിച്ച് പങ്കെടുത്തതാണ് ഏറ്റവും വലിയ സവിശേഷതയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യം ആഗ്രഹിക്കുന്നു എന്ന് മമത വ്യക്തമാക്കിയത്. ഇനി ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും മമത പറഞ്ഞു.

രാജ്യത്തെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുന്നു എന്ന് പറഞ്ഞ കെജരിവാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനായി കൂടുതല്‍ ശ്രദ്ധപതിപ്പിക്കുമെന്നും വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് ആംആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിന് കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ ആരംഭിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ ഡല്‍ഹി പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കുമെന്ന് ആരോപിച്ചായിരുന്നു അജയ് മാക്കന്റെ നടപടി. 

എന്നാല്‍ അജയ് മാക്കന്റെ രാജിക്ക് പിന്നാലെ ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നതിനുളള നീക്കങ്ങള്‍ കോണ്‍ഗ്രസ് ത്വരിതപ്പെടുത്തി എന്ന റിപ്പോര്‍ട്ടുകളെ പുതുതായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് വന്ന ഷീലാദീക്ഷിത് തളളിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇരുപാര്‍ട്ടികളും കൂടുതല്‍ അടുക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com