പൊതുമിനിമം പരിപാടിയില്‍ യോജിപ്പ്; രാഹുലിന്റെ 'കൈപിടിച്ച്' മമതയും പവാറും കെജരിവാളും

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കാന്‍ ഒറ്റക്കെട്ടായി പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം
പൊതുമിനിമം പരിപാടിയില്‍ യോജിപ്പ്; രാഹുലിന്റെ 'കൈപിടിച്ച്' മമതയും പവാറും കെജരിവാളും

ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കാന്‍ ഒറ്റക്കെട്ടായി പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പൊതുമിനിമം പരിപാടിയില്‍ യോജിപ്പിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളും ഒരുമിച്ച് പങ്കെടുത്തതും യോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി പൊതുമിനിമം പരിപാടിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പില്‍ എത്തിയതായി സ്ഥിരീകരിച്ചു. യോഗം ഫലപ്രദമായിരുന്നുവെന്ന് അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു. 2015ല്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുളള പ്രാദേശിക പാര്‍ട്ടി ന്യൂഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയതുമുതല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പരസ്പരം പോരടിച്ചുവരികയാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇരുവരും സഖ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗം ഫലപ്രദമായിരുന്നുവെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തിന് രൂപം നല്‍കുമെന്ന് തറപ്പിച്ചുപറഞ്ഞു. ബിജെപിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ജനാധിപത്യപരമായ നിര്‍ബദ്ധത്തിന് തങ്ങള്‍ വഴങ്ങിയിരിക്കുകയാണെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com