അതിര്‍ത്തിയില്‍ അതീവ ജാഗ്രത ; ഭീകരര്‍ ലക്ഷ്യമിട്ടത് 2547 ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തെ ; രാജ്‌നാഥ് സിംഗും എന്‍ഐഎ സംഘവും കശ്മീരിലേക്ക്

ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ കേന്ദ്രമന്ത്രിസഭ അടിയന്തര യോഗം ചേരും
അതിര്‍ത്തിയില്‍ അതീവ ജാഗ്രത ; ഭീകരര്‍ ലക്ഷ്യമിട്ടത് 2547 ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തെ ; രാജ്‌നാഥ് സിംഗും എന്‍ഐഎ സംഘവും കശ്മീരിലേക്ക്

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന ലക്ഷ്യമിട്ടത് വന്‍നാശം. 2547 സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന സൈനിക വ്യൂഹത്തെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. 78 വാഹനങ്ങളിലായി ജവാന്മാര്‍ ജമ്മുവിലെ ക്യാംപില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. ഈ വാഹനവ്യൂഹത്തിലേക്ക് ചാവേര്‍ ബോംബ് ഉപയോഗിച്ചിരുന്ന വാഹനം ഇടിച്ചുകയറ്റാനായിരുന്നു പദ്ധതിയിട്ടിരുന്നത്. 

പുല്‍വാമയില്‍ 3.15 നാണ് ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 44 ജവാന്മാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. വയനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. 

അതിനിടെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ കേന്ദ്രമന്ത്രിസഭ അടിയന്തര യോഗം ചേരും. രാവിലെ 9.15 നാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഭീകരര്‍ക്ക് ഏതുരീതിയിലുള്ള തിരിച്ചടി നല്‍കണം എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. 

കശ്മീരിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. അടിയന്ത്ര കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരിലേക്ക് പോകും. ബിഹാറിലെ രാഷ്ട്രീയ പരിപാടികള്‍ ഉപേക്ഷിച്ചാണ് രാജ്‌നാഥ് സിംഗ് കശ്മീരിലേക്ക് പോകുന്നത്. 

ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രാജ്‌നാഥ് സിങ് കാണും. ഇതിനിടെ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ഭീകരാക്രമണം നടന്ന സ്ഥലത്ത്  ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍ഐഎ) 12 അംഗ ടീം ഇന്ന് എത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com