മസൂദ് അസറിനെ ആ​ഗോള ഭീകരനായി പ്രഖ്യാപിക്കാൻ പിന്തുണയ്ക്കില്ല ; ഇന്ത്യയുടെ ആവശ്യം വീണ്ടും ചൈന തള്ളി

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്
മസൂദ് അസറിനെ ആ​ഗോള ഭീകരനായി പ്രഖ്യാപിക്കാൻ പിന്തുണയ്ക്കില്ല ; ഇന്ത്യയുടെ ആവശ്യം വീണ്ടും ചൈന തള്ളി

ബീജിങ്: പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന തള്ളി. 44 സിആർപിഎപ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തെ അപലപിച്ച ചൈന, എന്നാൽ അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു. 

പുല്‍വാമ ഭീകരാക്രമണം നടുക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എല്ലാത്തരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. വിവിധ രാജ്യങ്ങള്‍ പ്രാദേശികമായി സഹകരിച്ച് ഭീകരവാദം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണം.

എന്നാല്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.   നടപടിക്രമങ്ങള്‍ പാലിച്ച് ചൈന തുടര്‍ന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈനയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യു.എന്നിലെ ഇന്ത്യയുടെ ആവശ്യത്തെ നിരന്തരം എതിർക്കുന്നത്. പാകിസ്ഥാനുമായുള്ള സൗഹൃദമാണ് ചൈനയുടെ നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

രക്ഷാസമിതിയില്‍ അഭിപ്രായ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കങ്ങളെ ചൈന തടസപ്പെടുത്തുന്നത്. 44 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തെ ലോകരാജ്യങ്ങൾ ഒന്നടങ്കം അപലപിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ചൈന നിലപാട് മാറ്റുമെന്നായിരുന്നു ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com