രാജ്യത്തെ തകര്‍ക്കാന്‍ ശ്രമം; ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം: രാഹുല്‍ ഗാന്ധി

രാജ്യത്തെ തകര്‍ക്കാനാണ് ഭീകരര്‍ ശ്രമിച്ചത്.ഇത്തരം ആക്രമണങ്ങള്‍കൊണ്ട് രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനും കഴിയില്ലെന്നും രാഹുല്‍
രാജ്യത്തെ തകര്‍ക്കാന്‍ ശ്രമം; ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തകര്‍ക്കാനാണ് ഭീകരര്‍ ശ്രമിച്ചത്.ഇത്തരം ആക്രമണങ്ങള്‍കൊണ്ട് രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനും കഴിയില്ലെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നു. ഇപ്പോഴുണ്ടായ ആക്രമണം രാജ്യത്തിന്റെ ആത്മാവിന് നേരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരരുമായി ഒരിക്കലും ഒരു ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. തീവ്രവാദത്തോട് സന്ധി ചെയ്യാനാവില്ലെന്നും മന്‍മോഹന്‍ പറഞ്ഞു. ഇരുവരും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന പാകിസ്ഥാന്റെ സ്വപ്നം നടക്കില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ക്കും, അതിനെ പിന്തുണയ്ക്കുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണ വിശ്വാസമുണ്ട്. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസുരക്ഷയാണ് പ്രധാനം. ഇതില്‍ വിട്ടുവീഴ്ച ചെയ്യില്ല. ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടും. ഇത്തരം ആക്രമണങ്ങള്‍ കൊണ്ടൊന്നും ഇന്ത്യയെ തളര്‍ത്താനാകില്ല. ഇന്ത്യക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള സൗഹൃദരാഷ്ട്രപദവി പിന്‍വലിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാസമിതിയാണ് ഈ തീരുമാനമെടുത്തത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com