''ഇന്ത്യയ്ക്ക് കൈമാറരുത്'': ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിനെതിരെ വിജയ് മല്യയുടെ അപ്പീല്‍

പരാതി കോടതി അംഗീകരിച്ചാല്‍ അപ്പീലിന്മേല്‍ അടുത്തമാസങ്ങളില്‍ വാദം തുടങ്ങും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ വീണ്ടും അപേക്ഷ നല്‍കാനും മല്യയ്ക്ക് അവസരമുണ്ട്. 
''ഇന്ത്യയ്ക്ക് കൈമാറരുത്'': ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിനെതിരെ വിജയ് മല്യയുടെ അപ്പീല്‍

ലണ്ടന്‍: തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള അനുമതിതേടി വിജയ് മല്യ കോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് യുകെയിലെ ഹൈക്കോടതിയില്‍ മല്യ അപേക്ഷ നല്‍കിയത്. ഒന്‍പതിനായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തി മുങ്ങിയ മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനുള്ള കോടതി വിധി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പത്ത് ദിവസം മുന്‍പാണ് അംഗീകരിച്ചത്.

അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തെ സമയമാണ് മല്യയ്ക്ക് കോടതി അനുവദിച്ചിരുന്നത്. അപേക്ഷ ജഡ്ജിയുടെ പരിഗണനയ്ക്കയച്ചുവെന്നും രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോടതി തീരുമാനമറിയിക്കുമെന്നും യുകെ കോടതി പ്രതിനിധികള്‍ അറിയിച്ചു. പരാതി കോടതി അംഗീകരിച്ചാല്‍ അപ്പീലിന്മേല്‍ അടുത്തമാസങ്ങളില്‍ വാദം തുടങ്ങും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ വീണ്ടും അപേക്ഷ നല്‍കാനും മല്യയ്ക്ക് അവസരമുണ്ട്. 

രണ്ടാമതും അപേക്ഷിക്കേണ്ടിവരികയാണെങ്കില്‍ മല്യയ്ക്ക് അരമണിക്കൂര്‍വാദത്തിനും അവസരമുണ്ട്. ഈസമയം മല്യയുടെ അഭിഭാഷകര്‍ക്കും ഇന്ത്യയ്ക്കുവേണ്ടി ഹാജരാകുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിനും തങ്ങളുടെ ഭാഗങ്ങള്‍ വിശദീകരിക്കാം. കൂടുതല്‍ വാദം ആവശ്യമുണ്ടോയെന്ന് പിന്നീട് കോടതി തീരുമാനിക്കും. 

ഡിസംബറിലാണ് ബ്രിട്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ വിധിച്ചത്. ഫെബ്രുവരി നാലിന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവേദും കോടതിവിധി അംഗീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com