ബ്രേക്ക് ജാമായി, വൈദ്യുതി നിലച്ചു: ആദ്യയാത്രയില്‍ വന്ദേഭാരത് വഴിയില്‍ കുടുങ്ങി

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേഭാരത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.
ബ്രേക്ക് ജാമായി, വൈദ്യുതി നിലച്ചു: ആദ്യയാത്രയില്‍ വന്ദേഭാരത് വഴിയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസം തന്നെ പണിമുടക്കി. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേഭാരത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. വാരണാസിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് 8.15ഓടെ യാത്ര പുനരാരംഭിച്ചു.

ഉത്തര്‍പ്രദേശിലെ തുണ്ട്‌ല ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു ട്രെയിനിന്റെ പ്രവര്‍ത്തനം നിലച്ചത്. വന്ദേഭാരതിന്റെ അവസാന കോച്ചുകളിലെ ബ്രേക്ക് ജാമായതാണ് വഴിയില്‍ കുടുങ്ങാന്‍ കാരണമായതെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം നാലുകോച്ചുകളിലെ വൈദ്യുതി നിലച്ചതും യാത്രക്കാരെ വല്ലാതെ വലച്ചു.  

ട്രെയിന്‍ വഴിയില്‍ കുടുങ്ങിയതോടെ ട്രെയിനിലുണ്ടായിരുന്ന എന്‍ജീനിയര്‍മാര്‍ പരിശോധന നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. ഇതിനെതുടര്‍ന്ന് യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായാണ് ഡല്‍ഹിയിലേക്ക് അയച്ചത്. അതിനിടെ ഫെബ്രുവരി 17 മുതല്‍ ട്രെയിനിന്റെ പ്രതിദിന സര്‍വ്വീസ് ആരംഭിക്കാനിരിക്കെ ട്രെയിനിന് സാങ്കേതിക തകരാറുണ്ടായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

കഴിഞ്ഞദിവസം ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫഌഗ് ഓഫ് നിര്‍വഹിച്ചത്. നാലരവര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ മോദി വന്ദേഭാരത് എക്‌സ്പ്രസിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. 

ഒന്‍പത് മണിക്കൂര്‍ 45 മിനിറ്റുകൊണ്ടാണ് ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് ട്രെയിന്‍ എത്തിച്ചേരുക. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് കഴിഞ്ഞദിവസം മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വ്വീസ് നടത്തിയതും. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എസി കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com