ലൈംഗിക ആരോപണം നേരിടുന്ന അധ്യാപകര്‍ അകത്ത്; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ പുറത്ത്: തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്നു

ലൈംഗിക ആരോപണം നേരിടുന്ന അധ്യാപകര്‍ അകത്ത്; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ പുറത്ത്: തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്നു

പിരിച്ചുവിട്ട അധ്യാപികമാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നടത്തിവരുന്ന സമരം തുടരുന്നു

പിരിച്ചുവിട്ട അധ്യാപികമാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നടത്തിവരുന്ന സമരം തുടരുന്നു. നിരാഹാര സമരം നടത്തിയ രണ്ടു വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞുവീണു. വിദ്യാര്‍ത്ഥി സമരം കൊടുമ്പിരി കൊണ്ടിട്ടും അധികൃതര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ വിദ്യാര്‍ത്ഥിനികള്‍ക്ക് ശരിയായ വൈദ്യ സഹായം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഭുവനേശ്വരിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതേസമയം സമരം തിങ്കളാഴ്ച അവസാനിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ നടപടി സ്വീകരിച്ചേക്കും എന്നും അറിയുന്നു. 

ഹോസ്റ്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി നിലപാട് സ്വീകരിച്ച അധ്യാപകരെയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പിരിച്ച് വിട്ടത്. ഇത് ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍  സമരം ആരംഭിച്ചകത്. ലൈംഗിക ആരോപണം വരെ നേരിടുന്ന അധ്യാപകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സര്‍വകലാശാലയും രജിസ്ട്രാറും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലകൊള്ളുന്ന അധ്യാപകരെ തെരഞ്ഞു പിടിച്ച് ക്രൂശിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. രണ്ടാംവര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പിരിച്ചുവിട്ട അധ്യാപകരുടെ കീഴിലാണ് പ്രോജക്ടുകള്‍ ചെയ്തുവരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. 

ആഴ്ചകള്‍ക്ക് മുന്‍പ് വരെ കോളജിലെ വനിതാ ഹോസ്റ്റലില്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം നിലനിന്നിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോസ്റ്റലിലെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിക്കാന്‍ കോളജ് വാര്‍ഡന്റെ താല്‍കാലിക ചുമതല കൂടിയുള്ള കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അധ്യാപകര്‍ തയാറായി.

ഇതിനെതിരെ ശക്തമായ നടപടിയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ച ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകരായ ആഴി അരസി, ശരണ്യ എന്നിവരെ പിരിച്ച് വിട്ടു. പക്ഷേ യഥാര്‍ത്ഥ കാരണം മൂടിവെച്ച് കോളജിലെ നിയമങ്ങള്‍ ലംഘിച്ചു ചെയ്തു  എന്നിങ്ങനെയുള്ള എന്നാരോപിച്ചുകൊണ്ടാണ് അധ്യാപികമാര്‍ക്കെതിരെ നടപടിയെടുത്തത്. 

1500ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണിത്. വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഫെബ്രുവരി പത്തു മുതല്‍ ക്യാമ്പസില്‍ നിരോധാജ്ഞ പ്രഖ്യാപിക്കുകയാണ് അധികൃതര്‍ ചെയ്തത്. സമരം ശക്തമായതോടെ അധികൃതര്‍, നിരോധാജ്ഞ എടുത്തുകളയുകയും ഉപാധികളോടുകൂടി വനിതാ ഹോസ്റ്റലിലെ പ്രവേശിക്കാമെന്ന് നിലപാടിലേക്ക് എത്തുകയും ചെയ്തു. പക്ഷേ പിരിച്ച് വിട്ട അധ്യാപകരെ തിരിച്ചെടുക്കാന്‍ തയാറായില്ല. സമരം തുടരുന്നതിനിടെ, തിങ്കളാഴ്ച ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയ അധ്യാപകരെ നിയമിച്ചുകൊണ്ട് അധികൃതര്‍ ഉത്തരവിറക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com