'ഒരു മണ്ഡലത്തിന് പത്തുകോടി'; കാശുണ്ടെങ്കില്‍ സീറ്റുണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വം

സീറ്റ് നല്‍കിയാല്‍ തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള ശേഷിയുണ്ടോയെന്ന് എന്‍ഡിഎയിലെ ഘടകകക്ഷികളോട് ബിജെപി.
'ഒരു മണ്ഡലത്തിന് പത്തുകോടി'; കാശുണ്ടെങ്കില്‍ സീറ്റുണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വം

കൊച്ചി: സീറ്റ് നല്‍കിയാല്‍ തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള ശേഷിയുണ്ടോയെന്ന് എന്‍ഡിഎയിലെ ഘടകകക്ഷികളോട് ബിജെപി. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കുറഞ്ഞത് പത്തുകോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. ഈ തുക സ്വന്തം നിലയ്ക്ക് സമാഹരിക്കാനാകുമോ എന്നാണ് ബിജെപിയുടെ ചോദ്യം. ബിഡിജെഎസ് ഒഴികെയുള്ള കക്ഷികളോടാണ് ബിജെപി ചോദ്യം ഉന്നയിച്ചിരിക്കുന്നത്. പണം സമാഹരിക്കാന്‍ തയ്യാറാണെങ്കില്‍ സീറ്റ് നല്‍കുന്ന കാര്യവും പരിഗണിക്കാം എന്നാണ് ബിജെപി നിലപാട്.

ആദ്യം സീറ്റ് തരൂ, ശേഷം സാമ്പത്തിക സമാഹരണ ചര്‍ച്ച നടത്താം എന്നാണ് പിസി തോമസിന്റെ കേരളാ കോണ്‍ഗ്രസും നാഷ്ണലിസ്റ്റ് കേരള കോണ്‍ഗ്രസും മറുപടി നല്‍കിയിരിക്കുന്നത്. സോഷ്യലിസ്റ്റ് ജനതാദള്‍, എല്‍ജെപി,പിഎസ്പി എന്നീ കക്ഷികള്‍ ചോദ്യത്തോട് പ്രതികരിച്ചിട്ടില്ല. 
സീറ്റ് നിഷേധിക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് ഘടകക്ഷികള്‍ ഇതിനെ വിലയിരുത്തുന്നത്. 

മുന്നണിയില്‍ സാമ്പത്തിക അടിത്തറയുള്ള രണ്ടാമത്തെ പാര്‍ട്ടി ബിഡിജെഎസാണ്. തെരഞ്ഞെടുപ്പില്‍ എത്ര പണം വേണമെങ്കിലും ബിഡിജെഎസ് ഇറക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. ചെറിയ പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കി മത്സരിപ്പിക്കുന്നത് തങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. 

ബിജെപി സംസ്ഥാന നേതൃത്വത്തിലെ രണ്ടാംനിര നേതാക്കളാണ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുന്നതെന്നും പ്രസിഡന്റ് ശ്രീധരന്‍പിള്ള ചര്‍ച്ച നടത്തണമെന്നുമാണ് ഘടകക്ഷികളുടെ ആവശ്യം. മുന്നണി മര്യാദകള്‍ ലംഘിച്ച് ബിഡിജെഎസുമായി മാത്രം ചര്‍ച്ച നടത്തുന്നതിനോടും ഘടകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ഇതുന്നയിച്ച് ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com