ബോളിവുഡിലെ റൊമാന്റിക് നായകന്‍ ബംഗാളില്‍ ബിജെപിയുടെ മുഖം; മമതയ്ക്ക് തിരിച്ചടി 

അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദി സിനിമകളിലെ റൊമാന്റിക് നായകനായിരുന്നു ബിശ്വജിത്ത് ചാറ്റര്‍ജി
ബോളിവുഡിലെ റൊമാന്റിക് നായകന്‍ ബംഗാളില്‍ ബിജെപിയുടെ മുഖം; മമതയ്ക്ക് തിരിച്ചടി 


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബംഗാള്‍ പിടിക്കുക ലക്ഷ്യമിട്ട് അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങളുമായി ബിജെപി. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ബോളിവുഡിലെ പ്രമുഖ നടന്‍ ബിശ്വജിത്ത് ചാറ്റര്‍ജിയെ ബംഗാളില്‍ രംഗത്തിറക്കാനാണ് ആലോചന. ടോളിവുഡ് ആക്ടര്‍ പ്രസന്‍ജിത്ത് ചാറ്റര്‍ജിയും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. 

അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദി സിനിമകളിലെ റൊമാന്റിക് നായകനായിരുന്നു ബിശ്വജിത്ത് ചാറ്റര്‍ജി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ അജയ്മാക്കനും ബിജെപി നേതാവ് മീനാക്ഷി ലേഖിയുമായിരുന്നു എതിരാളികള്‍.

ബംഗാളി സിനിമയില്‍ നിന്ന് ബോളിവുഡിലെത്തിയ താരത്തിന്റെ പ്രവേശനം മമതയ്ക്കുള്ള തിരിച്ചടിയായാണ് ബിജെപി നേതൃത്വം  കരുതുന്നത്. 42 ലോക്‌സഭാ സീറ്റുകളില്‍ 23 എണ്ണത്തില്‍ വിജയം നേടാനുവുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘകാലമായി മുംബൈയില്‍ ജീവിക്കുന്ന ബിശ്വജിത്ത് ചാറ്റര്‍ജിയുടെ പ്രവേശം ഏത് തരത്തില്‍ ബംഗാളില്‍ ഉപയോഗിക്കാനാവുമെന്നാണ് ബിജെപി ആലോചിക്കുന്നത്. ടിഎംസിയുടെ അപ്രമാദിത്വം തകര്‍ക്കുന്നതിനായി കൂടുതല്‍ ചലചിത്രതാരങ്ങളെ രംഗത്തിറക്കുന്നതും ബിജെപി ആലോചിക്കുന്നുണ്ട്. നിരവധി താരങ്ങളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം തൃണമൂലിന്റെ ലോക്‌സഭാ എംപിയായിരുന്ന സൗമിത്ര ഖാനും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ബംഗാളി സിനിമാവേദിയില്‍നിന്നു ബോളിവുഡിലെത്തിയ ബിശ്വജിത്ത്, ബംഗാളിയില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിന്ദിയില്‍ ബീസ് സാല്‍ ബാദ്, ഏപ്രില്‍ ഫൂള്‍, മേരെ സനം, നൈറ്റ് ഇന്‍ ലണ്ടന്‍, കിസ്മത്ത്, ഷെഹനായ്, വാസന, ദോ കാലിയാം തുടങ്ങിയ ചിത്രങ്ങളില്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ബംഗാളി, ഒറിയ, ഭോജ്പുരി, സിന്ധി, മൈഥിലി ഭാഷകളിലെ സിനിമകളില്‍ വേഷമിട്ടു. 

ഇരുനൂറില്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് കലാകാര്‍ ഉത്തംകുമാര്‍ അവാര്‍ഡ്, മുഹമ്മദ് റഫി പുരസ്‌കാരം, രാജ്കുമാര്‍ അവാര്‍ഡ്, ബംഗാളില്‍ നിന്നുള്ള ലിവിങ് ലെജന്‍ഡ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com