മഹാരാഷ്ട്രയില്‍ 45 സീറ്റ് നേടുമെന്ന് അമിത് ഷാ; ബിജെപി 25,ശിവസേന 23; സഖ്യം ഇങ്ങനെ

മഹാരാഷ്ട്രയില്‍ 25 സീറ്റുകളില്‍ ബിജെപിയും 23 സീറ്റുകളില്‍ ശിവസേനയും മത്സരിക്കും- 45 സീറ്റുകളില്‍ വിജയിക്കുമെന്ന് അമിത് ഷാ 
മഹാരാഷ്ട്രയില്‍ 45 സീറ്റ് നേടുമെന്ന് അമിത് ഷാ; ബിജെപി 25,ശിവസേന 23; സഖ്യം ഇങ്ങനെ



മുംബൈ: ലോക്സഭാ തെരഞ്ഞടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനം. മുംബൈയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 45 സീറ്റുകളിലും സഖ്യം വിജയിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഉദ്ദവ് താക്കറെയും അമിത്ഷായും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും സീറ്റ് വിഭജനം എങ്ങനെ വേണമെന്നതിലും തീരുമാനമായിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തുല്യ സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനമായിട്ടുള്ളത്. കൂടാതെ, മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം വച്ചു മാറാനും അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്‌സഭയിലെത്തിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഉത്തര്‍പ്രദേശില്‍ ആകെ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. മഹാരാഷ്ട്രയില്‍ 48ഉം. ഈ 48 സീറ്റുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് അമിത് ഷാ നേരിട്ട് മുംബൈയിലെത്തി തിരക്കിട്ട സഖ്യ ചര്‍ച്ച നടത്തിയത്.

വിശാല പ്രതിപക്ഷ സഖ്യങ്ങളിലും മറ്റ് പ്രതിപക്ഷ യോഗങ്ങളിലും അല്ലാതെയും എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ശിവസേന നടത്തിയത്. മഹാരാഷ്ട്രയില്‍ കൂടുതല്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലായിരുന്നു ശിവസേന.എന്നാല്‍ ശിവസേനയെ അനുനയിപ്പിക്കുന്ന നിലപാടാണ് പലപ്പോഴും ബിജെപി സ്വീകരിച്ചത്. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയപ്പോഴും തിരികെ ശക്തമായ പരാമര്‍ശങ്ങള്‍ ബിജെപി നടത്തിയില്ല. പകരം സേനയുമായി പല തവണ ചര്‍ച്ചയ്ക്ക് ശ്രമം നടത്തി. കഴിഞ്ഞയാഴ്ച ഉദ്ധവ് താക്കറെയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ മധ്യസ്ഥ ശ്രമത്തിലൂടെയാണ് ശിവസേന നിലപാടില്‍ അയവ് വരുത്തിയതെന്നാണ് സൂചന. 

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതം വയ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ശിവസേനയെയും ബിജെപിയെയും തമ്മിലകറ്റിയത്. സഖ്യം വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ച ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു ശിവസേന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com