സഖ്യമുണ്ട്; പക്ഷേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല, ഝാര്‍ഖണ്ഡില്‍ ഇടത് പാര്‍ട്ടികളോട് കോണ്‍ഗ്രസ്

ഝാര്‍ഖണ്ഡില്‍ മഹാസഖ്യത്തില്‍ പങ്കാളികളായ സിപിഐ, സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്
സഖ്യമുണ്ട്; പക്ഷേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല, ഝാര്‍ഖണ്ഡില്‍ ഇടത് പാര്‍ട്ടികളോട് കോണ്‍ഗ്രസ്


റാഞ്ചി: ഝാര്‍ഖണ്ഡില്‍ മഹാസഖ്യത്തില്‍ പങ്കാളികളായ സിപിഐ, സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്. പകരം നിയമസഭയിലേക്ക് നല്‍കാമെന്നാണ് അറിയിച്ചിരിക്കന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏഴ് സീറ്റുകളില്‍ ഒന്നില്‍ ഇടത് കക്ഷികള്‍ക്ക് കൂടി താത്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ധാരണയായിരുന്നു. സീറ്റ് ലഭിക്കാത്ത പശ്ചാതലത്തില്‍ കൊടേര്‍മ, ഗോഡ. ഹസാരിബാഗ്, ധന്‍ബാദ് എന്നിവിടങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നും മറ്റിടങ്ങളില്‍ ബിജെപിയെ പുറത്താക്കാന്‍ വിശാല സഖ്യത്തെ പിന്തുണയ്ക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ഭുവനേശ്വര്‍ മേത്ത വ്യക്തമാക്കി. 

വിശാല സഖ്യത്തില്‍ പങ്കാളികളാകുന്ന ഇടത് കക്ഷികള്‍ക്കെല്ലാം നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ അറിയിച്ചു. 

കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), ആര്‍ജെഡി, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രചാതന്ത്രിക്) എന്നീ പാര്‍ട്ടികളുമായാണ് ഇടതുപക്ഷം സഖ്യത്തിലെത്തിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരിക്കും മുന്നണിയെ നയിക്കുക. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സിരക്കും. ജെഎംഎം നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിക്കും. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഝാര്‍ഖണ്ഡില്‍ 14 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റിലും ബിജെപിയാണ് ജയിച്ചത്. രണ്ടു സീറ്റില്‍ ജെഎംഎം ജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

2014ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 37 സീറ്റുകള്‍ നേടി. അഞ്ച് സീറ്റ് നേടിയ ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനേയും ആറ് ജെവിഎം എംഎല്‍എമാരെയും കൂട്ടി ബിജെപി ഭരണം പിടിച്ചു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) 19 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് ഏഴും സിപിഐ (എംഎല്‍-ലെനിനിസ്റ്റ്) ഒരു സീറ്റും മാര്‍ക്‌സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഒരു സീറ്റും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com