യോഗിയെ പ്രിയങ്ക കെട്ടുകെട്ടിക്കുമോ? നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്; ലക്ഷ്യം വെയ്ക്കുന്നത് ഈ മണ്ഡലങ്ങള്‍ 

 80 ലോക്‌സഭ മണ്ഡലങ്ങളുളള ഉത്തര്‍പ്രദേശില്‍ 26 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
യോഗിയെ പ്രിയങ്ക കെട്ടുകെട്ടിക്കുമോ? നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്; ലക്ഷ്യം വെയ്ക്കുന്നത് ഈ മണ്ഡലങ്ങള്‍ 

ന്യൂഡല്‍ഹി: 80 ലോക്‌സഭ മണ്ഡലങ്ങളുളള ഉത്തര്‍പ്രദേശില്‍ 26 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ജയസാധ്യതയുളള മണ്ഡലങ്ങള്‍ ആണ് എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ 26 ഇടത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. 

സജീവരാഷ്ട്രീയത്തിലേക്കുളള പ്രിയങ്ക വാദ്രയുടെ കടന്നുവരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ ഒരു ഭാഗത്തിന്റെ ചുമതലയാണ് എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക വാദ്രയ്ക്ക് നല്‍കിയിരിക്കുന്നത്. ജയസാധ്യതയുളള മണ്ഡലങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ പിന്നില്‍ പ്രിയങ്ക വാദ്രയുടെ ഇടപെടല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014ല്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അമേഠിയിലും റായ്ബറേലിയിലും. എന്നാല്‍ തൊട്ടുമുന്‍പുളള ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 ഇടത്ത് വിജയിച്ചിരുന്നു. ഇത് തിരിച്ചുപിടിക്കാനുളള ശ്രമങ്ങളാണ് മുഖ്യമായി കോണ്‍ഗ്രസ് അണിയറയില്‍ നടക്കുന്നത്. 

2014ല്‍ ആറിടത്ത് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സഹരാന്‍പൂറില്‍ 10 ശതമാനം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന് സീറ്റ് നഷ്ടമായത്.ഗാസിയാബാദ്, ലക്‌നൗ, കാന്‍പൂര്‍, ബാറാബാങ്കി, കുശിനഗര്‍ എന്നിവയാണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയ മറ്റു മണ്ഡലങ്ങള്‍.  ഈ സീറ്റുകളിലെല്ലാം ശ്രദ്ധപതിപ്പിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് പരിപാടിയിടുന്നത്. എസ്പി- ബിഎസ്പി സഖ്യത്തില്‍ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തിതെളിയിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com