എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 40 ലക്ഷം തട്ടിയെടുത്ത് കൊള്ളക്കാര്‍: പിന്നാലെ വെടിവെപ്പ് , നോട്ടുമഴ; കയ്യില്‍ കിട്ടിയ 20 ലക്ഷവുമായി നാട്ടുകാര്‍ കടന്നു

500 ന്റെ നോട്ടുകെട്ടുകള്‍ റോഡുകളില്‍ ചിതറിക്കിടക്കുന്നത് കണ്ടതോടെ സ്‌കൂളില്‍ നിന്നും മടങ്ങിയ കുട്ടികളും പിന്നാലെയെത്തിയ വാഹനങ്ങളിലുള്ളവരും പണം വാരിയെടുത്ത് സ്ഥലം വിട്ടു
എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 40 ലക്ഷം തട്ടിയെടുത്ത് കൊള്ളക്കാര്‍: പിന്നാലെ വെടിവെപ്പ് , നോട്ടുമഴ; കയ്യില്‍ കിട്ടിയ 20 ലക്ഷവുമായി നാട്ടുകാര്‍ കടന്നു

നോയിഡ: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 40 ലക്ഷം രൂപ തട്ടാന്‍ മോഷ്ടാക്കള്‍ റോഡിനെ പോര്‍ക്കളമാക്കി. വെടിവെപ്പിനിടെ വീണ് ചിതറിയ 20 ലക്ഷം രൂപയുമായി നാട്ടുകാര്‍ കടന്നു. നോയിഡയിലെ കേന്ദ്രീയ വിഹാറിലെ എടിഎമ്മിന് മുമ്പിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. എസ്ബിഐ കിയോസ്‌കില്‍ നിറയ്ക്കുന്നതിനായി പണവുമായി വന്ന വാനിന് നേരെ മുഖം മൂടി ധരിച്ച അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

വാനില്‍ നിന്നും 40 ലക്ഷം രൂപയടങ്ങിയ ബാഗ് കൈക്കലാക്കിയ കൊള്ളക്കാര്‍ക്ക് നേരെ സെക്യൂരിറ്റി ഗാര്‍ഡുകളും വെടിവച്ചു. ബൈക്കില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എതിരേയെത്തിയ കാറില്‍ ഇടിച്ച് ബാലന്‍സ് തെറ്റി അക്രമി സംഘം അടുത്ത റോഡില്‍ വീണു. വീഴ്ചയ്ക്കിടെ കയ്യിലിരുന്ന ബാഗ് തെറിച്ച് പോവുകയായിരുന്നു. 500 ന്റെ നോട്ടുകെട്ടുകള്‍ റോഡുകളില്‍ ചിതറിക്കിടക്കുന്നത് കണ്ടതോടെ സ്‌കൂളില്‍ നിന്നും മടങ്ങിയ കുട്ടികളും പിന്നാലെയെത്തിയ വാഹനങ്ങളിലുള്ളവരും പണം വാരിയെടുത്ത് സ്ഥലം വിട്ടുവെന്ന് പൊലീസ് പറയുന്നു.

20 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ നാട്ടുകാര്‍ കൊണ്ടുപോയത്. ഓടിയെത്തിയ സ്‌കൂള്‍ കുട്ടികളില്‍ ഒരാളില്‍ നിന്ന് 75,000 രൂപയോളം പിടിച്ചെടുത്തുവെന്നും കുറേ നോട്ടുകെട്ടുകള്‍ ഓടയില്‍ വീണുവെന്നും പൊലീസ് വെളിപ്പെടുത്തി. ബാഗിനുള്ളിലെ ബാക്കി പണവുമായി അക്രമികളില്‍ ഒരാള്‍ ഓടിയെങ്കിലും ഇയാള്‍ പിന്നീട് പൊലീസിന്റെ പിടിയിലായി. ബുലന്ദ് നഗര്‍ സ്വദേശിയായ ഇയാളില്‍ നിന്നും 19,65,000 രൂപ കണ്ടെത്തി. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com