ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണം; നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നൊരു പ്രമേയം

1919ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷുകാര്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണം; നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നൊരു പ്രമേയം

ചണ്ഡീഗഡ്: 1919ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷുകാര്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. പാര്‍ലമെന്ററി കാര്യമന്ത്രി ബ്രഹ്മ മൊഹീന്ദ്ര കൊണ്ടുവന്ന പ്രമേയത്തെ രാഷ്ട്രീയ ഭേദമന്യേ ഭരണപക്ഷവും പ്രതിപക്ഷവും അംഗീകരിച്ചു. 

1919 ഏപ്രില്‍ 13ന് നടന്ന ജാലിയന്‍വാലബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെ ഏറ്റവും വലിയ ഭീകരമായ ഓര്‍മ്മയാണ്. സമാധാനപരമായി സമരം നയിച്ചിരുന്ന സാധാരണക്കാരെ കൊന്നൊടുക്കിയ നാണംകെട്ട സൈനിക നടപടി ഇന്നും ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കൂട്ടക്കൊലയുടെ നൂറു വര്‍ഷം തികയുന്ന വേളയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്കാരോട് മാപ്പ് പറയണമെന്ന് പ്രമേയത്തില്‍ പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികളായ എഎപി, എസ്എഡി, ബിജെപി, ലോക് ഇന്‍സാഫ് പാര്‍ട്ടി എന്നിവര്‍ ഭരണപക്ഷമായ കോണ്‍ഗ്രസിന്റെ പ്രമേയത്തെ പിന്താങ്ങി. 

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രില്‍ 13ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്.ഇ.എച്ച്.ഡയര്‍ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്.

1919 ഏപ്രില്‍ 13ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറല്‍ ഡയര്‍ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകള്‍ ജാലിയന്‍വാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയര്‍ തന്റെ ഗൂര്‍ഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ ഡയര്‍ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു.

ഏതാണ്ട് പത്തുമിനിറ്റോളം ഈ വെടിവെപ്പു തുടര്‍ന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാര്‍ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു.  ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര്‍ മരണമടഞ്ഞു, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com