രണ്ടാം ലോങ് മാര്‍ച്ച് വേണ്ടെന്ന് മഹാരാഷ്ട്ര പൊലീസ്; വിവിധയിടങ്ങളില്‍ സമരക്കാരെ തടയുന്നു, മുംബൈയിലെത്തുമെന്ന് കിസാന്‍ സഭ

രണ്ടാം ലോങ് മാര്‍ച്ച് വേണ്ടെന്ന് മഹാരാഷ്ട്ര പൊലീസ്; വിവിധയിടങ്ങളില്‍ സമരക്കാരെ തടയുന്നു, മുംബൈയിലെത്തുമെന്ന് കിസാന്‍ സഭ


മുംബൈ: നാസിക്കില്‍ നിന്നും മുംബൈയിലേക്ക് കര്‍ഷകര്‍ നടത്തുന്ന രണ്ടാം ലോങ് മാര്‍ച്ചിന് മഹാരാഷ്ട്ര പൊലീസ് അനുമതി നിഷേധിച്ചു. കര്‍ഷകര്‍ക്ക് മാര്‍ച്ച് നടത്താനുള്ള അനുമതി നിഷേധിച്ചുവെന്നും എന്നാല്‍ ഒരിടത്ത് കൂടി  പ്രതിഷേധം നടത്താനും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്നും നാസിക് സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ പറഞ്ഞു. 

നാസിക്കില്‍ പൊതുയോഗം കൂടി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. മുംബൈയിലേക്ക് കടക്കാന്‍ കര്‍ഷകരെ അനുവദിച്ചിട്ടില്ല. നാസിലേക്ക് എത്തുന്ന കര്‍ഷകരെ പലയിടങ്ങളിലായി പൊലീസ് തടയുകയാണ്. 

എന്നാല്‍ പൊലീസിന്റെ ഈ നിര്‍ദേശം മാര്‍ച്ചിന് നേതൃത്വ നല്‍കുന്ന ആള്‍ ഇന്ത്യ കിസാന്‍ സഭ തള്ളിക്കളഞ്ഞു. പൊലീസ് ഞങ്ങളെ തടയും, എന്നാല്‍ ഞങ്ങള്‍ പിന്‍മാറില്ല. മുെൈബെയിലേക്ക് മാര്‍ച്ച് നടത്തുക തന്നെ ചെയ്യും-എഐകെഎസ് പ്രസിഡന്റ് അശോക് ധാവ്‌ലെ പറഞ്ഞു. 

മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് കര്‍ഷകരെ അഹമ്മദ് നഗറില്‍ പൊലീസ് തടഞ്ഞു. എഐകെഎസ് മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി അജിത് നവാലെ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് തടഞ്ഞിരിക്കുന്നത്. 

മുംബൈയെ പിടിച്ചുകുലുക്കി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കര്‍ഷകര്‍ റാലി നടത്തിയിരുന്നു. അന്ന് വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് എതിരെ കര്‍ഷകരും ആദിവാസികളും രണ്ടാം ലോങ് മാര്‍ച്ചുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരുലക്ഷത്തോളം പേരാണ് കഴിഞ്ഞ മാര്‍ച്ചില്‍ പങ്കെടുത്തത്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷിക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുകയെന്ന് കിസാന്‍ സഭ അധ്യക്ഷന്‍ അശോക് ധാവ്‌ലെ പ്രസ്താവനയില്‍ വ്യക്തമാക്കി.

കര്‍ഷകരുടെയും ആദിവാസികളുടെയും ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടിവരുന്ന മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത് പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com