സൗദിയിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കും: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 850 തടവുകാരെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. 
സൗദിയിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കും: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ഡല്‍ഹി: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 850 തടവുകാരെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. 

മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന വിവരം സൗദി കിരീടാവകാശി അറിയിച്ചത്. 

2884 ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ തടവുകാരായി ഉണ്ടെന്ന് നേരെത്തെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്താനും സൗദി ഭരണകൂടം തീരുമാനിച്ചതായി രവീഷ് കുമാര്‍ അറിയിച്ചു. ഇക്കാര്യവും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രഖ്യാപിക്കുകയായിരുന്നു. 

പെട്രോകെമിക്കല്‍സ്, ഊര്‍ജ്ജം, റിഫൈനറി, അടിസ്ഥാനസൗകര്യ വികസനം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലായി 100 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്നും സൗദി കിരീടാവകാശി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടയില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com