ക്യാപ്റ്റനെ കൂടെ നിര്‍ത്താന്‍ ഡിഎംകെയും ആണ്ണാ ഡിഎംകെയും; സന്ദര്‍ശനവുമായി രജനികാന്തും

തമിഴ്‌നാട്ടില്‍ ഡിഎംഡികെ നേതാവ് വിജയകാന്തിനെ കൂടെ നിര്‍ത്താന്‍ ഡിഎംകെയും എഐഎഡിഎംകെയും ചരടുവലികള്‍ ശക്തമാക്കി
ക്യാപ്റ്റനെ കൂടെ നിര്‍ത്താന്‍ ഡിഎംകെയും ആണ്ണാ ഡിഎംകെയും; സന്ദര്‍ശനവുമായി രജനികാന്തും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംഡികെ നേതാവ് വിജയകാന്തിനെ കൂടെ നിര്‍ത്താന്‍ ഡിഎംകെയും എഐഎഡിഎംകെയും ചരടുവലികള്‍ ശക്തമാക്കി. ഡിഎംകെ നേതാവ് സ്റ്റാലിനും നടന്‍ രജനികാന്തും വിജയകാന്തിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. നേരത്തെ എഐഎഡിഎംകെ വിജയകാന്തുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്്-ഡിഎംകെ സഖ്യവും വിജയകാന്തിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 

സ്റ്റാലിന്റെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് നടന്‍ രജനികാന്തും വിജയകാന്തിനെ സന്ദര്‍ശിച്ചു. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും രജനിയുടെ ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. 

എന്നാല്‍ വിജയകാന്തുമായി ഒരുവിധത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് രജനി പറഞ്ഞു. വിജയകാന്തുമായി നല്ല ബന്ധമാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. എനിക്ക് അസുഖമായി ആശുപത്രിയിലായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ വിജയകാന്താണ് എന്നെ ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് ചികിത്സയ്ക്കാന്‍ അമേരിക്കയില്‍ പോയപ്പോഴും അദ്ദേഹം എന്റെ സുഖവവിരങ്ങള്‍ അന്വേിച്ചു. അദ്ദേഹം അമേരിക്കയില്‍ ചികിത്സയിലായിരുന്നപ്പോള്‍ എനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് ഇവിടെ വന്നത്-രജനികാന്ത് പറഞ്ഞു. 

വിജയകാന്ത് തനിക്ക് സഹോദരനെപ്പോലെയാണെന്നും കരുണാനിധി മരിച്ചപ്പോള്‍ അമേരിക്കയില്‍ നിന്ന് അദ്ദേഹം വീഡിയോ സന്ദേശം അയച്ചു, തിരിച്ചെത്തിയപ്പോള്‍ കലൈഞ്ജരുടെ സമാധിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരാനാണ് താനെത്തിയതെന്നും സ്റ്റാലിന്‍ പറഞ്ഞു. 

2005ലാണ് വിജയകാന്ത് ഡിഎംഡികെ പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടി പ്രഖ്യാപനത്തിന് മൂന്ന് ലക്ഷത്തോളം ആളുകളാണ് മധുരയില്‍ അണിനിരന്നത്. ഒരു വര്‍ഷത്തിനകം അഭിമുഖീകരിച്ച സംസ്ഥാന തെരഞ്ഞടുപ്പില്‍ 9 ശതമാനം വോട്ട് നേടിയ പാര്‍ട്ടി ഒരു സീറ്റും സ്വന്തമാക്കി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ 10.5 ശതമാനം വോട്ടായി ഉയര്‍ന്നു. വടക്കന്‍ തമിഴ്‌നാട് മേഖലകളില്‍ വേരോട്ടം ശക്തമാക്കി. 2014ല്‍ 15 ശതമാനത്തോളം വോട്ട് ഉറപ്പിച്ചു.

ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള വടക്കന്‍ മേഖലയില്‍ ഡിഎംഡികെയെ ഒപ്പം നിര്‍ത്തുന്നത് ഗുണമാകുമെന്നാണ് എഐഎഡിഎംകെ കണക്കു കൂട്ടുന്നത്. വിജയകാന്ത് ശത്രുപാളയത്തില്‍ എത്താതിരിക്കാനാണ് ഡിഎംകെയും ശ്രമിക്കുന്നത്. പിഎംകെയ്ക്ക് നല്‍കിയത് പോലെ ഏഴ് മണ്ഡലങ്ങളും രാജ്യസഭാ സീറ്റുമെന്ന ആവശ്യമാണ് എഐഎഡിഎംകെയ്ക്ക് മുന്നില്‍ ഡിഎംഡികെ ഉന്നയിച്ചിരിക്കുന്നത്. രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യവും വിജയകാന്ത് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് ഡിഎംകെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com