തന്ത്രം മാറ്റി ആര്‍എസ്എസ്; രാമക്ഷേത്രത്തിന് പകരം ഭീകരവാദം മുഖ്യവിഷയമാക്കുന്നു, അധികാരം നിലനിര്‍ത്തുക ലക്ഷ്യം 

രാമക്ഷേത്രത്തിന് പകരം ഭീകരവാദം മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്
തന്ത്രം മാറ്റി ആര്‍എസ്എസ്; രാമക്ഷേത്രത്തിന് പകരം ഭീകരവാദം മുഖ്യവിഷയമാക്കുന്നു, അധികാരം നിലനിര്‍ത്തുക ലക്ഷ്യം 

നാഗ്പൂര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് അവരുടെ തന്ത്രം മാറ്റാന്‍ ഒരുങ്ങുന്നു. രാമക്ഷേത്രത്തിന് പകരം ഭീകരവാദം മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്.

വിവിധ പരിവാര്‍ സംഘടനകളുടെ മേഖലാ യോഗത്തില്‍ ഇത് പ്രതിഫലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇത്തരത്തിലുളള മേഖലാ യോഗങ്ങള്‍ ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരികയാണ്. അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ കൃത്യത ഉറപ്പാക്കാനാണ് ആര്‍എസ്എസ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാമക്ഷേത്രവും മുഖ്യ വിഷയമായി കണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനാണ് ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതോടെ, പ്രചാരണതന്ത്രങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ആര്‍എസ്എസ് തീരുമാനിക്കുകയായിരുന്നു. 

കശ്മീരില്‍ വഷളായി കൊണ്ടിരിക്കുന്ന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വേണമെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. അതിനാല്‍ രാമക്ഷേത്രത്തിന് പകരം ഭീകരവാദം മുഖ്യ പ്രചാരണവിഷയമാക്കാനാണ് ആര്‍എസ്എസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതയാണ് മുഖ്യമായി ആര്‍എസ്എസ് ഉയര്‍ത്തിക്കാട്ടുക. ഇതിനായി മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത ഓരോ കുടുംബത്തെയും ബോധ്യപ്പെടുത്താനുളള ശ്രമങ്ങള്‍ക്കാണ് ആര്‍എസ്എസ് രൂപം നല്‍കുന്നത്.

ഇതൊടൊപ്പം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തെയും 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെയും താരതമ്യം ചെയ്്ത് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുളള ലഘുലേഖകളും പ്രചരിപ്പിക്കും. ഇതിനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ലഘുലേഖകള്‍ കൈമാറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com