നരേന്ദ്രമോദി ഇന്ന് യുപിയില്‍ ; പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് തുടക്കം കുറിക്കും, കുംഭമേളയില്‍ സ്‌നാനം നടത്തും 

കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് ആറായിരം രൂപ കൈമാറുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പദ്ധതിക്ക് തുടക്കം കുറിക്കും
നരേന്ദ്രമോദി ഇന്ന് യുപിയില്‍ ; പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് തുടക്കം കുറിക്കും, കുംഭമേളയില്‍ സ്‌നാനം നടത്തും 

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തര്‍പ്രദേശിലെത്തും. ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് ആറായിരം രൂപ കൈമാറുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പദ്ധതിക്ക് തുടക്കം കുറിക്കും. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായ രണ്ടായിരം രൂപ അക്കൗണ്ടിലേക്ക് കൈമാറിക്കൊണ്ടാകും പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. 

ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. പന്ത്രണ്ട് കോടി ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഗുണം കിട്ടുക. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ മോദി നടത്തും. പിന്നാലെ പ്രയാഗ് രാജിലെത്തുന്ന പ്രധാനമന്ത്രി അര്‍ദ്ധ കുഭമേളയില്‍ പങ്കെടുക്കും. മോദി ത്രിവേണി സ്‌നാനം നടത്തും. തുടര്‍ന്ന് കുംഭമേളയ്‌ക്കെത്തുന്നവരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, സ്വച്ഛ് കുംഭ്, സ്വച്ഛ് ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നിര്‍വഹിക്കും. 

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നിലവില്‍ വന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. 2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.

ഇതേസമയം തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദേശങ്ങളായി കര്‍ഷക ഡേറ്റാ ബാങ്കില്‍ നല്‍കിയിട്ടുളള മൊബൈല്‍ നമ്പറില്‍ ലഭിക്കും. 2018-19 വര്‍ഷത്തെ ആദ്യഗഡുവായ 2,000 രൂപയുടെ കാലാവധി 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ്. സ്വന്തം കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നല്‍കേണ്ടത്.  

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും. പദ്ധതിയിലേക്ക് നിശ്ചിത സമയപരിധിക്കുളളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലെത്തും. എന്നാല്‍, സ്വന്തമായ സ്ഥാപനത്തോടനുബന്ധിച്ചുളള വസ്തു ഉടമകള്‍ക്ക് ആനൂകൂല്യം ലഭിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com