പുണ്യസ്‌നാനം നടത്തിയത് കൊണ്ട് പാപങ്ങള്‍ കഴുകി കളയാന്‍ സാധിക്കില്ല; മോദിക്കെതിരെ മായാവതി 

ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തിയത് കൊണ്ട് പാപങ്ങള്‍ കഴുകി കളയാന്‍ സാധിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി
പുണ്യസ്‌നാനം നടത്തിയത് കൊണ്ട് പാപങ്ങള്‍ കഴുകി കളയാന്‍ സാധിക്കില്ല; മോദിക്കെതിരെ മായാവതി 

ന്യൂഡല്‍ഹി: ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തിയത് കൊണ്ട് പാപങ്ങള്‍ കഴുകി കളയാന്‍ സാധിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞദിവസം കുംഭമേളയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഗാസ്‌നാനം നടത്തിയിരുന്നു. ഇതിനെ ഉദ്ദേശിച്ചാണ് മോദിക്കെതിരെ മായാവതിയുടെ വിമര്‍ശനം.

ത്രിവേണി സംഗമത്തിലെ സ്‌നാനം വഴി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിച്ചതിന്റെ പാപങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമോ എന്ന് മായാവതി ചോദിച്ചു. നോട്ടുനിരോധനം, ജിഎസ്ടി, ഉള്‍പ്പെടെയുളള നടപടികള്‍ വഴി ജീവിതം ദുസ്സഹമാക്കിയ ബിജെപിയോട് ജനങ്ങള്‍ എളുപ്പം ക്ഷമിക്കുമെന്ന് കരുതാന്‍ കഴിയുമോ?.വര്‍ഗീയത ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കൈകാര്യം ചെയ്ത  രീതിയിലും ജനങ്ങള്‍ ബിജെപിയോട് ക്ഷമിക്കുമെന്ന് കരുതാന്‍ കഴിയുമോയെന്നും മായാവതി ട്വിറ്ററില്‍ ചോദിച്ചു.

കര്‍ഷകരുടെ നന്മ ലക്ഷ്യമിട്ട് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യില്ല. ഒരുപക്ഷേ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേക്കാമെന്ന് മായാവതി പറഞ്ഞു.  കര്‍ഷകരും ഭൂമിയില്ലാത്ത കര്‍ഷകത്തൊഴിലാളികളും തമ്മിലുളള വ്യത്യാസം നിര്‍ണയിക്കാന്‍ മോദി സര്‍ക്കാര്‍ ആദ്യം തയ്യാറാവണം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം മാസം ലഭിക്കുന്ന 500 രൂപ യഥാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്കാണ് ഗുണം ചെയ്യുക.  ഉല്‍പ്പനങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കണമെന്നാണ് യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായും മായാവതി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com