ജനങ്ങൾക്ക് അപായമുണ്ടാക്കാതെ പ്രത്യാക്രമണം; സൈന്യത്തെ അഭിനന്ദിച്ച് സർവകക്ഷി യോ​ഗം; പൂർണ പിന്തുണ

ജനങ്ങള്‍ക്ക് അപായമുണ്ടാക്കാതെ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകര്‍ത്ത വ്യോമസേനയെ സർവകക്ഷി യോഗം അഭിനന്ദിച്ചു
ജനങ്ങൾക്ക് അപായമുണ്ടാക്കാതെ പ്രത്യാക്രമണം; സൈന്യത്തെ അഭിനന്ദിച്ച് സർവകക്ഷി യോ​ഗം; പൂർണ പിന്തുണ

ന്യൂ‍ഡൽഹി: ജനങ്ങള്‍ക്ക് അപായമുണ്ടാക്കാതെ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകര്‍ത്ത വ്യോമസേനയെ സർവകക്ഷി യോഗം അഭിനന്ദിച്ചു. ഭീകര വിരുദ്ധ പോരാട്ടത്തില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണയും യോ​ഗം പ്രഖ്യാപിച്ചു.

പോരാട്ടം പാകിസ്ഥാനോടല്ല, ഭീകരതയ്ക്കെതിരെയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. യുഎസ്, റഷ്യ, ചൈന, ബംഗ്ലാദേശ്, അഫ്ഗാന്‍ സര്‍ക്കാരുകളെ പ്രത്യാക്രമണ വിവരം അറിയിച്ചെന്നും സുഷമ പറഞ്ഞു. 

സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചു. പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളിലാണ് ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 

ബാലാക്കോട്ടെ ജെയ്ഷെ മുഹമ്മ​ദ് ക്യാമ്പാണ് ഇന്ത്യ പൂർണമായും തകർത്തത്. 12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആയിരം കിലോ ബോംബ് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വര്‍ഷിച്ചു. ഭീകര ക്യാമ്പ് പൂര്‍ണമായും തകര്‍ത്തുവെന്നും വ്യോമസേന അറിയിച്ചു. ഇന്ത്യന്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പാക് സൈന്യം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചുപോന്നു. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ജനങ്ങളോട് താമസം മാറാന്‍ തയ്യാറായിരിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. 

ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്ന് പാക് സൈനിക വക്താവ് ആരോപിച്ചിരുന്നു. ബാലാകോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നും എന്നാല്‍ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com