വയസിലല്ല കാര്യം, മൈലേജിലാണ്; പാക് ഭീകരത്താവളങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയ 'മിറാഷ് വിമാനങ്ങളെ' അറിയാം

ഇന്ത്യയിലെത്തി വര്‍ഷം 35 കഴിഞ്ഞിട്ടും ചുറുചുറുക്കിനും ആക്രമണോത്സുകതയ്ക്കും മിറാഷ് അല്‍പ്പം പോലും കുറവ് വരുത്തിയിട്ടില്ലെന്നാണ് ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണവും തെളിയിക്കുന്നത്
വയസിലല്ല കാര്യം, മൈലേജിലാണ്; പാക് ഭീകരത്താവളങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയ 'മിറാഷ് വിമാനങ്ങളെ' അറിയാം

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ ഭീകരത്താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ നിയോഗിച്ചത് 'മിറാഷ്' വിമാനങ്ങളെയായിരുന്നു. അതിര്‍ത്തി കടന്ന് ചെന്ന് ബോംബ് വര്‍ഷം നടത്തി മിറാഷ് വിമാനങ്ങള്‍ സുരക്ഷിതമായി തിരികെ എത്തുകയും ചെയ്തു.  എന്താണീ മിറാഷ്, എവിടുന്നാണ് നമ്മളീ മിറാഷിനെ വാങ്ങിയത് എന്നെല്ലാം അറിയേണ്ടെ? 1984 ല്‍  പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് 49 മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 യുദ്ധവിമാനത്തെ ചെറുക്കുന്നതിനായിരുന്നു ഇത്. ഫ്രഞ്ച് കമ്പനിയായ ദസോയില്‍ നിന്ന് തന്നെയാണ് ബഹുവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന മിറാഷ് ഇന്ത്യ വാങ്ങിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് നുഴഞ്ഞ് കയറ്റക്കാരെ തുരത്താന്‍ ഉപയോഗിച്ചതും ഇതേ മിറാഷ് വിമാനങ്ങളെ തന്നെ.

2004 ആയപ്പോള്‍ 10 മിറാഷ് വിമാനങ്ങള്‍ കൂടി സൈന്യം വാങ്ങി. വീണ്ടും 126 വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് റഫേല്‍ ഇടപാട് വരുന്നതും ആ വഴിക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞതും. 

ഇന്ത്യയിലെത്തി വര്‍ഷം 35 കഴിഞ്ഞിട്ടും ചുറുചുറുക്കിനും ആക്രമണോത്സുകതയ്ക്കും മിറാഷ് അല്‍പ്പം പോലും കുറവ് വരുത്തിയിട്ടില്ലെന്നാണ് ഇന്ന് പുലര്‍ച്ചെ നടത്തിയ വിജയകരമായ ആക്രമണവും തെളിയിക്കുന്നത്. 

20 കിലോ ടണ്‍ ഭാരമുള്ള അണു ബോംബ് വഹിക്കാനുള്ള ശക്തിയും മിറാഷ് വിമാനങ്ങള്‍ക്കുണ്ട്. വിമാനത്തിന്റെ കോക്പിറ്റ്, റഡാറുകള്‍, സ്വയംരക്ഷാ കവചം തുടങ്ങിയവ പുതുക്കുന്നതിനായി  2011 ല്‍ ഇന്ത്യ ഫ്രാന്‍സുമായി 17,547 കോടി രൂപയുടെ കരാറിലെത്തിയിരുന്നു. അപ്‌ഗ്രേഡ് ചെയ്ത മിറാഷ് വിമാനങ്ങള്‍ക്ക് 2040 വരെയാണ് ആയുസ് സേന പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com