ഇന്ത്യയുടെ ഒരു പോര്‍വിമാനം നഷ്ടമായി, പൈലറ്റിനെ കാണാനില്ലെന്നും സ്ഥിരീകരണം

ഒരു മിഗ് വിമാനം നഷ്ടമായതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ഇന്ത്യയുടെ ഒരു പോര്‍വിമാനം നഷ്ടമായി, പൈലറ്റിനെ കാണാനില്ലെന്നും സ്ഥിരീകരണം

ന്യൂഡല്‍ഹി : നിയന്ത്രണ രേഖയിലെ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ഒരു വൈമാനികനെ കാണാതായതായി സ്ഥിരീകരണം. ഒരു മിഗ് വിമാനം നഷ്ടമായതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാണാതായ വൈമാനികന്‍ തങ്ങളുടെ പിടിയിലാണെന്ന പാക് അവകാശവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. ഇന്ത്യന്‍ പൈലറ്റ് തങ്ങളുടെ പിടിയിലുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാന്‍ നേരത്തെ വിഡിയോ ദൃശ്യം പുറത്തുവിട്ടിരുന്നു.

ഇന്നു രാവിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായതായി രവീഷ്‌കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമമേഖലയിലേക്കു കടന്ന് ആക്രമണം നടത്താന്‍ ശ്രമമുണ്ടായി. അതീവ ജാഗ്രതയിലായിരുന്ന ഇന്ത്യന്‍ സേന  ഇതിനെ ചെറുത്തുതോല്‍പ്പിച്ചു.  ഒരു പാക് വിമാനം വെടിവച്ചിട്ടു. പാക് പ്രദേശത്താണ് ഇതു വീണത്.
പാകിസ്ഥാന്റെ പോര്‍ വിമാനങ്ങളെ മിഗ് 17 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ നേരിട്ടത്. ഇതിനിടെ ഒരു വിമാനം നഷ്ടമായിട്ടുണ്ട്. ഒരു പൈലറ്റിനെക്കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറിനൊപ്പമാണ് രവീഷ്‌കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

പാക് വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടുവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നായിരുന്നു നേരത്തെ  പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അബ്ദുള്‍ ഗഫൂര്‍ അവകാശപ്പെട്ടത്. വെടിവെച്ചിട്ട വിമാനങ്ങളിലൊന്ന് പാക് അധീന കശ്മീരിലും മറ്റൊന്ന് കശ്മീരിലും വീണു. ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്‌തെന്നും ഗഫൂര്‍ പറഞ്ഞു.

പിടിയിലായ പൈലറ്റെന്ന് പറഞ്ഞ് ഒരു ദൃശ്യവും പാക് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനാണ് താനെന്നും, തന്റെ സര്‍വീസ് നമ്പര്‍ 27 981 ആണെന്നും വീഡിയോയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com