ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ ; ചൈനീസ് വിദേശകാര്യമന്ത്രിയുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി

പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ തിരിച്ചടി സൈനീക നീക്കമല്ലെന്നും ഇന്ത്യ ചൈനയെ അറിയിച്ചു
ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ ; ചൈനീസ് വിദേശകാര്യമന്ത്രിയുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി

വൂസെന്‍ : ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവര്‍ത്തിച്ച് വ്യക്തമാക്കി. വൂസെനില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ നിലപാട് അറിയിച്ചത്. കഴിഞ്ഞ ദിവസം പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ തിരിച്ചടി സൈനീക നീക്കമല്ലെന്നും ഇന്ത്യ ചൈനയെ അറിയിച്ചു. 

ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര വിദേശകാര്യമന്ത്രിതല ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു സുഷമ സ്വരാജ്. ഇന്ത്യ നടത്തിയ വ്യോമാക്രമണം ഭീകര താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ചൈനയെ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

ഇതേത്തുടര്‍ന്ന് പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെക്കുറിച്ച് പാകിസ്ഥാന് ഇന്ത്യ അറിയിപ്പ് നല്‍കി. എന്നാല്‍ പാകിസ്ഥാന്‍ ഇവക്കെതിരെ ഒരു നടപടിയും എടുത്തില്ല. ഇതിനിടെ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. 

ഈ സാഹചര്യത്തില്‍ മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്ന് വിദേശകാര്യമന്ത്രി ചൈനീസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു. ഇന്ത്യ നടത്തിയത് സൈനീക ആക്രമണമല്ല. പാകിസ്ഥാന്‍ സൈനിക താവളങ്ങളെയല്ല, മറിച്ച് ഭീകരക്യാമ്പുകളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ഒരൊറ്റ സാധാരണക്കാരന്‍ പോലും ഇന്ത്യന്‍ നടപടിയില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. 

ഭീകരതക്കെതിരായ പോരാട്ടം ഇന്ത്യ ഇനിയും തുടരും. ഇതിനായി ചൈനയുടെ സഹായം വിദേശകാര്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ യുഎന്‍ കൗണ്‍സിലില്‍ ചൈന തടയരുതെന്നും ഇന്ത്യ ആവശ്യപ്പെടും. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com