യുദ്ധ തടവുകാരോട് പെരുമാറേണ്ടത് എങ്ങനെ; എന്താണ് ജനീവ ഉടമ്പടി?

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ജനീവ ഉടമ്പടി പ്രകാരം തിരിച്ചു നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
യുദ്ധ തടവുകാരോട് പെരുമാറേണ്ടത് എങ്ങനെ; എന്താണ് ജനീവ ഉടമ്പടി?

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ജനീവ ഉടമ്പടി പ്രകാരം തിരിച്ചു നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം മുറുകുന്ന അവസ്ഥയില്‍ ജനീവ ഉടമ്പടി പാകിസ്ഥാന്‍ പാലിക്കുമോയെന്നാണ് ഇന്ത്യയും മറ്റ് ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നത്.

1949ലെ ജനീവ കണ്‍വന്‍ഷനിലാണ് പ്രിസണേഴ്‌സ് ഓഫ് വാര്‍ (യുദ്ധ തടവുകാര്‍ അല്ലെങ്കില്‍ സൈനിക തടവുകാര്‍) സംബന്ധിച്ച അന്താരാഷ്ട്ര തലത്തില്‍ പാലിക്കേണ്ടി നിയമങ്ങള്‍ ധാരണയാകുന്നത്. യുദ്ധ തടവുകാരുടെ അവകാശങ്ങള്‍, അവരോട് എങ്ങനെയാണ് പെരുമാറേണ്ടത്, അവരെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ധാരണ നിലവിലുണ്ട്. ഈ ഉടമ്പടി പ്രകാരം, 1999 കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്ത് പാകിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ പൈലറ്റ് കെ നചികേതയെ ഒരാഴ്ചയ്ക്കകം തിരികെ വിട്ടിരുന്നു. 


ജനീവ ഉടമ്പടി

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ യുദ്ധ തടവുകാര്‍ക്ക് ഉറപ്പാക്കുന്നതാണ് ജനീവ ഉടമ്പടി. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നത്തിലായിരിക്കുമ്പോള്‍ എതിരാളിയുടെ കൈയില്‍ അകപ്പെടുന്നവരെയാണ് യുദ്ധ തടവുകാരെന്ന് പറയുന്നതെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ് വിശദീകരിക്കുന്നു.

യുദ്ധതടവുകാരോട് പെരുമാറേണ്ടത് എങ്ങനെ?

ജനീവ ഉടമ്പടി പ്രകാരം ഇപ്പോള്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള അഭിനന്ദന്‍ അപായരഹിതനാണെന്ന് ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. മനുഷ്യത്വം ഉറപ്പാക്കി വേണം യുദ്ധതടവുകാരോട് പെരുമാറേണ്ടതെന്ന് ജനീവ ഉടമ്പടി നിഷ്‌കര്‍ഷിക്കുന്നു. ബലപ്രയോഗം നടത്തുക, ക്രൂരമായി ഉപദ്രവിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക എന്നിങ്ങനെയൊന്നും അവരോട് ചെയ്യാന്‍ പാടില്ല.

താമസം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വൈദ്യസഹായം എന്നിവ ഉറപ്പാക്കുകയും വേണം. യുദ്ധം നടക്കുകയാണെങ്കില്‍ അത് അവസാനിച്ച ശേഷം ഒട്ടും വൈകാതെ വിട്ടയ്ക്കണണെന്നും ജനീവ ഉടമ്പടിയില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com