വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ വാദം കള്ളം ; പൈലറ്റുമാര്‍ സുരക്ഷിതരെന്ന് ഇന്ത്യ ; അബോട്ടാബാദ് ഇന്ത്യയ്ക്കും സാധ്യമെന്ന് ജെയ്റ്റ് ലി

ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും വിമാനങ്ങളും സുരക്ഷിതരാണെന്നും സൈന്യം വ്യക്തമാക്കി
വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ വാദം കള്ളം ; പൈലറ്റുമാര്‍ സുരക്ഷിതരെന്ന് ഇന്ത്യ ; അബോട്ടാബാദ് ഇന്ത്യയ്ക്കും സാധ്യമെന്ന് ജെയ്റ്റ് ലി


ന്യൂഡല്‍ഹി : രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. ഇന്ത്യയുടെ ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും ഒരാള്‍ ചികില്‍സയിലാണെന്നുമാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദം തള്ളിയ സൈന്യം, ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും വിമാനങ്ങളും സുരക്ഷിതരാണെന്നും വ്യക്തമാക്കി. 

പാക് വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടുവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നായിരുന്നു പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അബ്ദുള്‍ ഗഫൂര്‍ അവകാശപ്പെട്ടിരുന്നു. വെടിവെച്ചിട്ട വിമാനങ്ങളിലൊന്ന് പാക് അധീന കശ്മീരിലും മറ്റൊന്ന് കശ്മീരിലും വീണു. ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്‌തെന്നും ഗഫൂര്‍ പറഞ്ഞു. 

പിടിയിലായ പൈലറ്റെന്ന് പറഞ്ഞ് ഒരു ദൃശ്യവും പാക് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനാണ് താനെന്നും, തന്റെ സര്‍വീസ് നമ്പര്‍ 27 981 ആണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. 

അതേസമയം അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെതിരെ അമേരിക്കന്‍ നേവി നടത്തിയതുപോലുള്ള ഓപ്പറേഷന്‍ നടത്താന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ് ലി വ്യക്തമാക്കി. അമേരിക്കയ്ക്ക് പാകിസ്ഥാനിലെ അബോട്ടാബാദിലെത്തി ലാദനെ കൊലപ്പെടുത്താമെങ്കില്‍, എന്തും സാധ്യമാണെന്ന് തെളിഞ്ഞു. അബോട്ടാബാദ് മോഡല്‍ ഓപ്പറേഷന്‍ ഇന്ത്യയ്ക്ക് അസാധ്യമല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

അതിനിടെ പാകിസ്ഥാന്‍ തങ്ങളുടെ വ്യോമമാര്‍ഗങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ആഭ്യന്തര,രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചു. മൂന്നുമാസത്തേക്കാണ് നിര്‍ത്തിവെച്ചത്. 60 ഓളം സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ഇത് പാകിസ്ഥാന്‍ കടുത്ത നടപടിക്ക് തയ്യാറെടുക്കുന്നതിന്റെ സൂചനയാണോ ഇതെന്നും സൈന്യം സംശയിക്കുന്നുണ്ട്. ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ കമാന്‍ഡ് അതോറിട്ടിയുടെ അടിയന്തര യോഗം പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിളിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com