വ്യോമാതിര്‍ത്തി ലംഘിച്ച് പാക് പോര്‍ വിമാനങ്ങള്‍ ; തുരത്തിയോടിച്ച് ഇന്ത്യന്‍ സേന ; ബോംബ് വര്‍ഷം ; വിമാനത്താവളങ്ങള്‍ അടച്ചു

ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ അതിര്‍ത്തി ലംഘിക്കാനാണ് ശ്രമം നടത്തിയത്
വ്യോമാതിര്‍ത്തി ലംഘിച്ച് പാക് പോര്‍ വിമാനങ്ങള്‍ ; തുരത്തിയോടിച്ച് ഇന്ത്യന്‍ സേന ; ബോംബ് വര്‍ഷം ; വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ വീണ്ടും പ്രകാപനവുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമം നടത്തി. മൂന്നു പോര്‍ വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാനെത്തിയത്. നിയന്ത്രണ രേഖയ്ക്ക് അടുത്ത് ഇവ ബോംബുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ച് ഇവയെ തുരത്തിയോടിച്ചു.

ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ അതിര്‍ത്തി ലംഘിക്കാനാണ് ശ്രമം നടത്തിയത്. പാകിസ്ഥാന്റെ എഫ്-16 പോര്‍ വിമാനങ്ങളാണ് അതിര്‍ത്തി ലംഘിക്കാന്‍ തുനിഞ്ഞത്. അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ് ഇന്ത്യ. പാകിസ്ഥാന്‍ തിരിച്ചടിക്കാനുള്ള സാധ്യത പരിഗണിച്ച് ഇന്ത്യ വ്യോമപ്രതിരോധ സംവിധാനം സേന ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ ഗ്രാമീണരെയും സൈന്യം ഒഴിപ്പിച്ചിട്ടുണ്ട്. 

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ നാലു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം  നിര്‍ത്തിവെച്ചു. ശ്രീനഗര്‍, ജമ്മു, ലേ, പത്താൻകോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന മുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് മുന്‍കരുതലായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതിനിടെ, കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ സൈനിക മേധാവിമാരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ, നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ, റോ, ഇന്റലിജന്‍സ് മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com