അഭിനന്ദന് കാലില്‍ വെടിയേറ്റത് രഹസ്യരേഖകള്‍ വിഴുങ്ങുന്നതിനിടെയെന്നു പാക് പത്രം; ഗ്രാമവാസികള്‍ ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തല്‍

പാരച്യൂട്ട് വഴി നിലത്തിറങ്ങിയ അഭിനന്ദനെ രണ്ട് കുട്ടികളാണ് കണ്ടത്. ഇന്ത്യയാണോ അതോ പാകിസ്ഥാനാണോ ഈ പ്രദേശമെന്ന് അദ്ദേഹം കുട്ടികളോട് ചോദിച്ചു. ഇന്ത്യയാണെന്നായിരുന്നു കുട്ടികളുടെ മറുപടി
അഭിനന്ദന് കാലില്‍ വെടിയേറ്റത് രഹസ്യരേഖകള്‍ വിഴുങ്ങുന്നതിനിടെയെന്നു പാക് പത്രം; ഗ്രാമവാസികള്‍ ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി:   ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് കാലില്‍ വെടിയേറ്റിരുന്നതായി പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യ രേഖകള്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുട്ടി അഭിനന്ദന്റെ കാലിലേക്ക് വെടിയുതിര്‍ത്തതായി സാമൂഹ്യപ്രവര്‍ത്തകനായ മുഹമ്മദ് റസാഖ് ചൗധരി ഡോണിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

പാരച്യൂട്ട് വഴി നിലത്തിറങ്ങിയ അഭിനന്ദനെ രണ്ട് കുട്ടികളാണ് കണ്ടത്. ഇന്ത്യയാണോ അതോ പാകിസ്ഥാനാണോ ഈ പ്രദേശമെന്ന് അദ്ദേഹം കുട്ടികളോട് ചോദിച്ചു. ഇന്ത്യയാണെന്നായിരുന്നു കുട്ടികളുടെ മറുപടി. പക്ഷേ സംശയം തോന്നിയ അഭിനന്ദന്‍ അരക്കിലോമീറ്ററോളം ഓടി.  കുട്ടികളെ പിന്തിരിപ്പിക്കുന്നതിനായി ആകാശത്തേക്ക്  പലതവണ വെടിയുതിര്‍ക്കുകയും ചെയ്‌തെന്നും ചൗധരി പറയുന്നു. 

കുട്ടികള്‍ പിന്തിരിയാതിരുന്നതിനെ തുടര്‍ന്ന് സമീപത്തെ കുളത്തിലേക്ക് ചാടിയ അഭിനന്ദന്‍ രഹസ്യ രേഖകള്‍ വിഴുങ്ങുകയും ബാക്കിയുള്ളവ വെള്ളത്തില്‍ അലിയിച്ച് കളയുകയും ചെയ്തു. തോക്കുപേക്ഷിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെടുന്നതിനിടയില്‍ ഒരു കുട്ടി അഭിനന്ദന്റെ കാലിലേക്ക് വെടിവയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഭിനന്ദനെ ഉപദ്രവിച്ചത്. ഉടന്‍ തന്നെ സൈനിക വാഹനങ്ങളെത്തി അഭിനന്ദനെ രഹസ്യ കേന്ദ്രത്തിലേക്ക്  മാറ്റുകയായിരുന്നുവെന്നും ചൗധരി ഡോണിനോട് വെളിപ്പെടുത്തി.

ശരീരമാസകലം മുറിവേറ്റ അഭിനന്ദന്റെ വീഡിയോ പുറത്ത് വിട്ടതു വഴി ഹീനമായ കുറ്റമാണ് പാകിസ്ഥാന്‍ ചെയ്തതെന്നും ജനീവ കണ്‍വെന്‍ഷന്റെ കരാര്‍ ലംഘിച്ചുവെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com