ഒട്ടും മര്യാദക്കാരല്ല പാക് പട്ടാളം; കാര്‍ഗില്‍ യുദ്ധകാലത്ത് തടവിലാക്കിയ ഇന്ത്യന്‍ സൈനികരോട് പെരുമാറിയത് അതിക്രൂരമായി, അഭിനന്ദനെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ ശ്രമങ്ങള്‍ തുടരുന്നു

കാര്‍ഗില്‍ യുദ്ധകാലത്ത് പാക് പിടിയിലായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജയെയും ക്യാപ്റ്റന്‍ സൗരഭ് കാലിയയെയും രാജ്യം എങ്ങനെ മറക്കും?  
ഒട്ടും മര്യാദക്കാരല്ല പാക് പട്ടാളം; കാര്‍ഗില്‍ യുദ്ധകാലത്ത് തടവിലാക്കിയ ഇന്ത്യന്‍ സൈനികരോട് പെരുമാറിയത് അതിക്രൂരമായി, അഭിനന്ദനെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ ശ്രമങ്ങള്‍ തുടരുന്നു

ന്യൂഡല്‍ഹി: യുദ്ധസമയത്തും അല്ലാതെയും പിടികൂടിയിട്ടുള്ള ഇന്ത്യന്‍ സൈനികരോട് കസ്റ്റഡിയില്‍ മാന്യതയോടെ പെരുമാറിയ ചരിത്രം പാകിസ്ഥാനില്ല. പലപ്പോഴും പിടിച്ചു കൊണ്ടു പോയവരെ കുറിച്ച് പുറംലോകത്തെ അറിയിക്കുക പോലും ചെയ്യാതെ ക്രൂരമായി ഉപദ്രവിച്ച് കൊന്നിട്ടുള്ളതാണ് പാകിസ്ഥാന്റെ പൂര്‍വചരിത്രം. കാര്‍ഗില്‍ യുദ്ധകാലത്ത് പാക് പിടിയിലായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജയെയും ക്യാപ്റ്റന്‍ സൗരഭ് കാലിയയെയും രാജ്യം എങ്ങനെ മറക്കും?  

അഭിനന്ദനെപ്പോലെ മിഗ് വിമാനം പറത്തുന്നതിനിടെയാണ് അജയ് അഹൂജ പാകിസ്ഥാന്‍ പിടിയിലായത്. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കെ നചികേത പറത്തിയ മിഗ്-27 വിമാനം കാണാതായത് തിരഞ്ഞ് ഇറങ്ങിയതായിരുന്നു അജയ്. അതിര്‍ത്തിക്ക് സമീപം അഹൂജയുടെ വിമാനത്തെ മിസൈലുപയോഗിച്ച് പാകിസ്ഥാന്‍ വെടിവച്ചിട്ടു. വിമാനത്തിന് തീ പിടിച്ചതോടെ പാരച്യൂട്ട് വഴി ചാടിയ അജയ് പട്ടാളത്തിന്റെ പിടിയിലായി. ജീവനോടെ പിടികൂടിയ അജയിനെ അതിക്രൂരമായി പാക് സൈന്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതശരീരം ഇന്ത്യയ്ക്ക് കൈമാറിയെങ്കിലും നിറയെ വെടിയുതിര്‍ത്ത പാടുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.

അജയ് അഹൂജയ്ക്ക് ജീവന്‍ നഷ്ടമായെങ്കിലും മിഗ് -27 പറത്തിയ കമ്പംപതി നചികേത ജീവനോടെ ഇന്ത്യയില്‍ തിരിച്ചെത്തി. അതിര്‍ത്തിക്കടുത്ത് കൂടി പറന്ന മിഗ് 27 വെടിവച്ചിട്ട് നചികേതയെ പിടിച്ചുകൊണ്ട് പോകുമ്പോള്‍ പ്രായം 26 വയസ്. റോഡുകളിലൂടെ അദ്ദേഹത്തെ പാക് പട്ടാളം വലിച്ചിഴച്ചു. കസ്റ്റഡിയിലും ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയാക്കി. എട്ട് ദിവസം നീണ്ട നരകയാതനകള്‍ക്ക് ശേഷം നചികേതയെ റെഡ് ക്രോസ് വഴി ഇന്ത്യയ്ക്ക് കൈമാറി. നീണ്ട നാല് വര്‍ഷത്തെ വിശ്രമമാണ് പാക് പട്ടാളമേല്‍പ്പിച്ച മുറിവുകളും ചതവുകളും ഭേദമാവാന്‍ നചികേതയ്ക്ക് ആവശ്യമായി വന്നത്.

കാര്‍ഗില്‍ മലനിരയില്‍ അഞ്ച് സഹപ്രവര്‍ത്തകരുമൊത്ത് പട്രോളിങ് നടത്തുന്നതിനിടയിലാണ് 22 കാരനായ കാലിയ പാക് പട്ടാളത്തിന്റെ പിടിയിലായത്. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തിയ നുഴഞ്ഞു കയറ്റക്കാര്‍ കാലിയയുമായി മടങ്ങുകയായിരുന്നു. 22 ദിവസം നീണ്ട കസ്റ്റഡിക്കൊടുവില്‍ മൃതശരീരമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കൈകാലുകള്‍ ഛേദിക്കപ്പെട്ടും, ജനനേന്ദ്രിയം നശിപ്പിച്ചും, കണ്ണ് ചൂഴ്‌ന്നെടുത്തും വികൃതമാക്കിയ നിലയിലായിരുന്നു കാലിയ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പാക് ക്രൂരതയ്ക്ക് മുന്നില്‍ രാജ്യം നടുങ്ങി.

അഭിനന്ദന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഈ കേസുകളെക്കാള്‍ അധികം പ്രതീക്ഷയുണ്ട്. പിടിയിലായ വിവരം ആദ്യം തന്നെ പാകിസ്ഥാന്‍ പുറത്ത് വിട്ടതാണ് ഇന്ത്യ വലിയ ആശ്വാസമായി കാണുന്നത്. സാധരണഗതിയില്‍ അത് ഉണ്ടാവാറില്ലായിരുന്നു. യുദ്ധമല്ലാതെ സംഘര്‍ഷം മാത്രമുള്ള സ്ഥിതിക്ക് നയതന്ത്ര സമ്മര്‍ദ്ദം വഴി സുരക്ഷിനായി അഭിനന്ദനെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com