'എനിക്കത് നിങ്ങളോട് വെളിപ്പെടുത്താനാവില്ല'; പാക് തടവിലും നിശ്ചയദാര്‍ഡ്യത്തോടെ അഭിനന്ദന്‍, സല്യൂട്ടടിച്ച് രാജ്യം

'എനിക്കത് നിങ്ങളോട് വെളിപ്പെടുത്താനാവില്ല'; പാക് തടവിലും നിശ്ചയദാര്‍ഡ്യത്തോടെ അഭിനന്ദന്‍, സല്യൂട്ടടിച്ച് രാജ്യം

സൈന്യത്തെ കുറിച്ചും പറത്തിയ വിമാനത്തെ കുറിച്ചുമെല്ലാം പാക് മേജറുടെ ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും തികഞ്ഞ മര്യാദയോടെ ഒട്ടും വികാര വിക്ഷോഭമില്ലാതെ 'എനിക്കത് നിങ്ങളോട് പറയാന്‍ കഴിയില്ല' എന്ന മറുപടിയാണ് അ


ഇസ്ലമാബാദ്: 'ദ ടീ ഈസ് ഫന്റാസ്റ്റിക് സര്‍'. ശത്രുരാജ്യത്തിന്റെ പിടിയിലായി മര്‍ദ്ദനമേറ്റ് മൂക്കില്‍ നിന്ന് ചോര ഒലിച്ച് നില്‍ക്കുമ്പോഴും ചെന്നൈക്കാരനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ വാക്കുകളില്‍ കരുത്ത് അല്‍പ്പം പോലും ചോര്‍ന്നിരുന്നില്ല. അഭിനന്ദന്റേതായി ഒടുവില്‍ പുറത്ത് വന്ന വീഡിയോയില്‍ സൈന്യത്തെ കുറിച്ചും പറത്തിയ വിമാനത്തെ കുറിച്ചുമെല്ലാം പാക് മേജറുടെ ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും തികഞ്ഞ മര്യാദയോടെ ഒട്ടും വികാര വിക്ഷോഭമില്ലാതെ 'എനിക്കത് നിങ്ങളോട് പറയാന്‍ കഴിയില്ല' എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. സൈനികന്റെ മനഃക്കരുത്തും നിശ്ചയദാര്‍ഡ്യവും ആ നിമിഷത്തിലും അഭിനന്ദനില്‍ നിന്നും ചോര്‍ന്ന് പോയിരുന്നില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ മുന്നണിപ്പോരാളിയായിരുന്ന മുന്‍ എയര്‍മാര്‍ഷല്‍ എസ് വര്‍ത്തമാന്റെ മകനില്‍ നിന്നും മറ്റെന്താണ് രാജ്യം പ്രതീക്ഷിക്കേണ്ടത്.

മൂന്ന് വീഡിയോകളാണ് അഭിനന്ദന്റേതായി പാകിസ്ഥാന്‍ പുറത്ത് വിട്ടത്. ആദ്യം പുറത്ത് വന്ന വീഡിയോയില്‍ മുഖത്താകെ രക്തം നിറഞ്ഞ് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ ഓഫീസ് റൂമില്‍ നിന്നും ചിത്രീകരിച്ചതായിരുന്നു. പേരും സര്‍വ്വീസ് നമ്പറുമല്ലാതെ മറ്റൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായതുമില്ല. അവസാനം പുറത്ത് വന്ന വീഡിയോയില്‍ പാകിസ്ഥാന്‍ സൈന്യം വളരെ നല്ല രീതിയിലാണ് തന്നോട് പെരുമാറിയതെന്നും ജനക്കൂട്ടം ആക്രമിച്ചപ്പോള്‍ ആര്‍മി ക്യാപ്റ്റനാണ് രക്ഷയ്‌ക്കെത്തിയതെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതേ സമീപനമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നും അഭിനന്ദന്‍ പറയുന്നു.

 ഇന്ത്യയില്‍ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുമ്പോള്‍ ' ഞാനത് നിങ്ങളോട് പറയേണ്ടതുണ്ടോ? തെക്കേയിന്ത്യയാണ് സ്വദേശ'മെന്നായിരുന്നു ധീര സൈനികന്റെ മറുപടി. കുടിക്കാന്‍ നല്‍കിയ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ' ടീ ഈസ് ഫന്റാസ്റ്റിക്' എന്ന് അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. എന്ത് വിമാനമാണ് പറത്തിയതെന്നും എങ്ങനെയാണ് പാകിസ്ഥാനിലേക്ക് എത്തിയതെന്നുമുള്ള ചോദ്യത്തിന് ' എനിക്കത് നിങ്ങളോട് പറയാന്‍ കഴിയില്ല, വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നിങ്ങള്‍ കണ്ടെടുത്തിട്ടുണ്ടാവുമല്ലോ' എന്നായിരുന്നു സൗമ്യമായി അഭിനന്ദന്‍ മറുപടി നല്‍കിയത്.

നാട്ടുകാരുടെ ആക്രമണത്തിലേറ്റ പരിക്കുകള്‍ക്ക് വിങ് കമാന്‍ഡര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അവസാനം പുറത്ത് വന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അഭിനന്ദന്റെ കയ്യില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് ചായക്കപ്പ് ഉയര്‍ത്തുന്നതിനിടെ കാണാന്‍ കഴിയുന്നുണ്ട്.

ഇന്ത്യന്‍ വ്യോമസേനാ കമാന്‍ഡറെ പിടികൂടിയതായി പാകിസ്ഥാനാണ് ആദ്യം വെളിപ്പെടുത്തിയത്. അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പറത്തിയ മിഗ് വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടത്. വിമാനം തകര്‍ന്നതോടെ പാരച്യൂട്ട്  വഴി അഭിനന്ദന്‍ ലാന്‍ഡ് ചെയ്തത് പാകിസ്ഥാനില്‍ ആയിരുന്നു. 

അഭിനന്ദന്റേതായി പാകിസ്ഥാന്‍ പുറത്ത് വിട്ട വീഡിയോ അന്താരാഷ്ട്ര തലത്തില്‍ പാക് അനുകൂല വികാരമുണ്ടാക്കുന്നതിനായി ചിത്രീകരിച്ചതാണ് എന്നാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്. തടവിലായിട്ടും മാന്യമായാണ് പെരുമാറുന്നതെന്ന പ്രതീതിയാണ് പാകിസ്ഥാന്‍ ഉണ്ടാക്കുന്നതെന്നും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com