യുദ്ധക്കൊതി ധീരതയല്ല, യുദ്ധത്തെ എതിര്‍ക്കുന്നത് ഭീരുത്വവുമല്ലെന്ന് എന്‍ഡിഎ നേതാവ്‌

രാഷ്ട്രപിതാവായ മഹാത്മഗാന്ധി എല്ലാത്തരം യുദ്ധങ്ങള്‍ക്കും  എതിരായിരുന്നു. അദ്ദേഹം ഭീരുവായിരുന്നില്ല. ലോകം കണ്ടതില്‍ വച്ചേറ്റവും ധീരനായിരുന്നു
യുദ്ധക്കൊതി ധീരതയല്ല, യുദ്ധത്തെ എതിര്‍ക്കുന്നത് ഭീരുത്വവുമല്ലെന്ന് എന്‍ഡിഎ നേതാവ്‌

ന്യൂഡല്‍ഹി: യുദ്ധത്തെ എതിര്‍ക്കുന്നത്  ഭീരുത്വമല്ലെന്ന് ജനതാദള്‍ നേതാവും പ്രമുഖ സോഷ്യല്‍ മീഡിയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലാണ് സേ നോ ടു വാര്‍ എന്ന ഹാഷ്ടാഗോടെ അദ്ദേഹം ഇക്കാര്യം കുറിച്ചത്. 

'രാഷ്ട്രപിതാവായ മഹാത്മഗാന്ധി എല്ലാത്തരം യുദ്ധങ്ങള്‍ക്കും  എതിരായിരുന്നു. അദ്ദേഹം ഭീരുവായിരുന്നില്ല. ലോകം കണ്ടതില്‍ വച്ചേറ്റവും ധീരനായിരുന്നു ഗാന്ധിജി. സമൂഹ മാധ്യമങ്ങളില്‍ യുദ്ധത്തിനായി അലമുറയിടുന്നവരെയും മനസാക്ഷിയില്ലാത്ത യുദ്ധക്കൊതിയന്‍മാരെയും ആരും വീര-ശൂരത്വത്തിന്റെ പര്യായങ്ങളായി ധരിക്കരുതെന്നും' അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ ജനതാദളില്‍ ചേര്‍ന്നത്. നിതീഷ് കുമാര്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ അടുത്ത സ്ഥാനക്കാരന്‍ കൂടിയാണ് അദ്ദേഹം. 2014 പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. 

ട്വിറ്ററുള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍  യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. യുദ്ധം എല്ലാഭാഗത്തും നാശമേ ചെയ്യൂവെന്നും ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകളിലേക്ക് നീങ്ങി സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ട്വിറ്ററേനിയന്‍സ് ട്വീറ്റ് ചെയ്യുന്നു. 'സേ നോ ടു വാര്‍' എന്ന ഹാഷ്ടാഗിലാണ് ഈ പ്രചരണം. സമൂഹമാധ്യമങ്ങളില്‍ ഇരുന്ന് വാചകമടിക്കുന്നത് പോലെ എളുപ്പമല്ല യുദ്ധമുഖത്തും സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലും നില്‍ക്കുന്നതും ജീവിക്കുന്നതെന്നും പലരും വ്യക്തമാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com