അതിര്‍ത്തി കത്തുമ്പോള്‍ ബിജെപി സീറ്റെണ്ണുന്നുവെന്ന് കോണ്‍ഗ്രസ് ; യെദ്യൂരപ്പയിലൂടെ പൂച്ച് പുറത്തുചാടിയെന്ന് പ്രിയങ്ക ഗാന്ധി

സൈനികരുടെ ജീവത്യാഗമല്ലാതെ മറ്റൊന്നും ബിജെപിക്ക് ജനങ്ങളുടെ മുന്നില്‍ വെക്കാനില്ല
അതിര്‍ത്തി കത്തുമ്പോള്‍ ബിജെപി സീറ്റെണ്ണുന്നുവെന്ന് കോണ്‍ഗ്രസ് ; യെദ്യൂരപ്പയിലൂടെ പൂച്ച് പുറത്തുചാടിയെന്ന് പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി : അതിര്‍ത്തി കടന്ന് ഭീകരക്യാമ്പ് ആക്രമിച്ച വ്യോമസേനയുടെ നടപടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂല തരംഗമുണ്ടാക്കിയെന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. യെദ്യൂരപ്പയുടെ പ്രസ്താവന സമീപകാല സംഘര്‍ഷങ്ങളെല്ലാം യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് വെളിപ്പെടുത്തുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. 

ഇപ്പോള്‍ നടന്ന സംഭവവികാസങ്ങളല്ലാതെ, അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിക്ക് മുന്നില്‍ യാതൊരു സാധ്യതയുമില്ല. ഇത് യെദ്യൂരപ്പ തുറന്നുപറഞ്ഞു. സൈനികരുടെ ജീവത്യാഗമല്ലാതെ മറ്റൊന്നും ബിജെപിക്ക് ജനങ്ങളുടെ മുന്നില്‍ വെക്കാനില്ല. സ്വന്തം പാര്‍ട്ടിയെക്കുറിച്ചുള്ള യെദ്യൂരപ്പയുടെ അറിവില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും പ്രിയങ്ക പരിഹസിച്ചു.

യെദ്യൂരപ്പയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകവും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നു. രാജ്യം സംഘര്‍ഷാവസ്ഥയിലാണ്. നമ്മുടെ പൈലറ്റ് പാകിസ്ഥാന്റെ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ കുടുംബം വളരെ ആശങ്കയിലും. അപ്പോഴും ബിജെപി തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം എടുത്തുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടി ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടിക്കൊടുക്കുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. പാകിസ്ഥാനെതിരായ നടപടി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമാകുമെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  കര്‍ണാടകയില്‍ 22 മുതല്‍ 28 സീറ്റുകള്‍ വരെ ലഭിക്കാന്‍ സഹായിക്കുമെന്നുമാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com