'സൈനികന്‍ ശത്രുപാളയത്തില്‍, മോദിക്ക് പ്രധാനം രാഷ്ട്രീയം' ; വിമര്‍ശനവുമായി പ്രതിപക്ഷം

രാജ്യം മുഴുവന്‍ പൈലറ്റിന് വേണ്ടി കാത്തിരിക്കുമ്പോള്‍, പ്രധാനമന്ത്രിക്ക് രാഷ്ട്രീയപ്രചാരണങ്ങളില്‍ നിന്നും മാറിനില്‍ക്കാനാവുന്നില്ല എന്നത് ലജ്ജാകരമാണ്
'സൈനികന്‍ ശത്രുപാളയത്തില്‍, മോദിക്ക് പ്രധാനം രാഷ്ട്രീയം' ; വിമര്‍ശനവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായി പ്രധാനമന്ത്രി നടത്തുന്നമെഗാ വീഡിയോ കോണ്‍ഫറന്‍സിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യന്‍ പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായ സാഹചര്യത്തില്‍ 'മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്' എന്ന പരിപാടിയുമായി മോദി മുന്നോട്ടു പോകുന്നതിനെ കോണ്‍ഗ്രസും എഎപിയും ബിഎസ്പിയും വിമര്‍ശിച്ചു.

''നാം ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലാണ്. നമ്മുടെ പൈലറ്റിനെ നമുക്ക് വിട്ടുകിട്ടണം. അദ്ദേഹത്തിന്റെ അവസ്ഥ നമുക്ക് അറിയണം. എല്ലാവരും അതില്‍ ആശങ്കപ്പെട്ടിരിക്കുകയാണ്. അതിനിടെ താങ്കള്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ചാണ് ആശങ്കപ്പെടുന്നത്. രാജ്യം മുഴുവന്‍ പൈലറ്റിന് വേണ്ടി കാത്തിരിക്കുമ്പോള്‍, പ്രധാനമന്ത്രിക്ക് രാഷ്ട്രീയപ്രചാരണങ്ങളില്‍ നിന്നും മാറിനില്‍ക്കാനാവുന്നില്ല എന്നത് ലജ്ജാകരമാണ്. ''  കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ കക്ഷികളെല്ലാം ദേശസുരക്ഷയെക്കുറിച്ച് ചിന്താകുലരായിരിക്കുമ്പോള്‍ മോദി പോളിങ് ബൂത്തുകള്‍ ശക്തിപ്പെടുത്താനും ബിജെപി തിരഞ്ഞെടുപ്പ് റാലികള്‍ നടത്താനുമുള്ള തിരക്കിലാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് കുറ്റപ്പെടുത്തി. മോദിയുടെ സംവാദ പരിപാടിയെ ബിഎസ്പി അധ്യക്ഷ മായാവതിയും വിമർശിച്ചു. മോദിയുടെ നടപടി പരിഹാസ്യവും രാജ്യ താൽപ്പര്യങ്ങളെ വഞ്ചിക്കലുമാണെന്ന് മായാവതി കുറ്റപ്പെടുത്തി. 

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ വിഡിയോ കോണ്‍ഫറന്‍സ് ലോക റെക്കോര്‍ഡാകുമെന്നാണ് ബിജെപിയുടെ അവകാശവാദം. 15,000 കേന്ദ്രങ്ങളില്‍ നിന്നായി ഒന്നരക്കോടിയോളം പേര്‍  പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചു. നമോ ആപ് വഴി നല്‍കുന്ന ചോദ്യങ്ങള്‍ തെരഞ്ഞെടുത്താകും നരേന്ദ്രമോദി മറുപടി നൽകുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com