പകുതിയിലേറെ കോളജുകളിലും വിദ്യാര്‍ത്ഥികളില്ല: 2020ല്‍ പുതിയ എന്‍ജിനിയറിങ് കോളജുകള്‍ അനുവദിക്കരുതെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

2020നുശേഷം പുതിയ എന്‍ജിനിയറിങ് കോളജുകള്‍ അനുവദിക്കരുതെന്ന് ശുപാര്‍ശ
പകുതിയിലേറെ കോളജുകളിലും വിദ്യാര്‍ത്ഥികളില്ല: 2020ല്‍ പുതിയ എന്‍ജിനിയറിങ് കോളജുകള്‍ അനുവദിക്കരുതെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ


ന്യൂഡല്‍ഹി:  2020നുശേഷം പുതിയ എന്‍ജിനിയറിങ് കോളജുകള്‍ അനുവദിക്കരുതെന്ന് ശുപാര്‍ശ. എല്ലാ വര്‍ഷവും പകുതിയിലേറെ എന്‍ജിനിയറിങ് സീറ്റുകളില്‍ വിദ്യാര്‍ഥികളില്ലാത്തതിനാലാണ് ശുപാര്‍ശ. ഐഐടി ഹൈദരാബാദ് ചെയര്‍മാന്‍ ബി വി ആര്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന് (എഐസിടിഇ) സമര്‍പ്പിച്ചത്. സീറ്റ് വര്‍ധിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും  ശുപാര്‍ശ ചെയ്തു.  ശുപാര്‍ശകള്‍ സാങ്കേതിക വിദ്യാഭ്യാസ റെഗുലേറ്ററിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്ന് എഐസിടിഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധേ പറഞ്ഞു. 

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്നിവയ്ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കരുതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ സാങ്കേതികവിദ്യകളിലേക്ക് പരമ്പരാഗത മേഖലകളില്‍ നിലവിലുള്ള സീറ്റുകള്‍ മാറ്റാന്‍ പ്രോത്സാഹിപ്പിക്കണം. പരമ്പരാഗത മേഖലകളിലെ സീറ്റുകളില്‍ 40 ശതമാനം മാത്രമാണ് വിദ്യാര്‍ഥികളെ കിട്ടുന്നത്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, എയ്‌റോസ്‌പേസ് എന്‍ജിനിയറിങ്, മെക്കാട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ 60 ശതമാനം എത്തുന്നുണ്ട്.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്‌ചെയിന്‍, റോബോട്ടിക്‌സ്, ക്വാണ്ടം കംപ്യൂട്ടിങ്, ഡാറ്റ സയന്‍സസ്, സൈബര്‍ സുരക്ഷ, ത്രീഡി പ്രിന്റിങ് ആന്‍ഡ് ഡിസൈന്‍ തുടങ്ങിയ എന്‍ജിനിയറിങ് ബിരുദ കോഴ്‌സുകള്‍ തുടങ്ങണമെന്നും സമിതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com