രാവണന് 24 വിമാനങ്ങൾ, ലങ്കയിൽ എയർപോർട്ട്, കൗരവർ ടെസ്റ്റ്യൂബ് ശിശുക്കൾ; ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍

ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഭാരതീയര്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നുവെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി നാഗേശ്വര റാവു
രാവണന് 24 വിമാനങ്ങൾ, ലങ്കയിൽ എയർപോർട്ട്, കൗരവർ ടെസ്റ്റ്യൂബ് ശിശുക്കൾ; ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍

ജലന്ധര്‍: ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഭാരതീയര്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നുവെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി നാഗേശ്വര റാവു. മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈല്‍ വിക്ഷേപണം തുടങ്ങിയ മേഖലകളില്‍ ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നു. രാമായണ- മഹാഭാരത ഇതിഹാസങ്ങള്‍ മുൻനിർത്തിയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് റാവു ഇക്കാര്യം പറഞ്ഞത്.

മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ്ടിക്കാനുള്ള സാങ്കേതിക വിദ്യയും ഭാരതത്തില്‍ നിലവിലുണ്ടായിരുന്നതിന്റെ ഫലമായാണ് നൂറ് കൗരവര്‍ ഉണ്ടായതെന്ന്‌ റാവു അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കൊല്ലങ്ങള്‍ക്ക് മുൻപ് നടന്ന കാര്യം ശാസ്ത്രമേഖലയില്‍ ഭാരതത്തിനുണ്ടായിരുന്ന അറിവാണ് വിളിച്ചോതുന്നത്. മഹാഭാരതത്തില്‍ 100 മണ്‍ ഭരണികളില്‍ നിന്ന് നൂറ് കുട്ടികളുണ്ടായത് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടാകുന്നതു പോലെയല്ലേയെന്നും റാവു ചോദിച്ചു.

രാമായണത്തിലെ കഥകള്‍ പരിശോധിച്ചാല്‍ രാമന് പല തരത്തിലുള്ള അസ്ത്ര വിദ്യകളും വശമുണ്ടായിരുന്നതായി പറയുന്നു. രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ആയുധങ്ങളും ലക്ഷ്യ സ്ഥാനത്ത് പ്രഹരമേല്‍പ്പിച്ച ശേഷം തിരിച്ചെത്തിയിരുന്നു. രാമായണ കാലത്തും മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്കാര്‍ക്ക് വശമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഉന്നം പിഴക്കാത്ത രാമന്റെ അസ്ത്രങ്ങൾ. രാവണന് 24 തരം വിമാനങ്ങൾ സ്വന്തമായിയുണ്ടായിരുന്നു. അവ പല വലിപ്പത്തിലും തരത്തിലും ഉള്ളവയാണ്. കൂടാതെ രാവണന് ലങ്കയിൽ വിമാനത്താവളങ്ങൾ ഉണ്ടായിരുന്നുവെന്നും റാവു അവകാശപ്പെടുന്നു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com