അമിത് ഷായെ മാറ്റണം ; ​ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണം ; പുതിയ നിർദേശവുമായി ബിജെപി നേതാവ്

അമിത് ഷായെ മാറ്റി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണം
അമിത് ഷായെ മാറ്റണം ; ​ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണം ; പുതിയ നിർദേശവുമായി ബിജെപി നേതാവ്

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ ബിജെപിയിൽ ചേരിപ്പോരിന് തിരികൊളുത്തി മുതിർന്ന നേതാവ് രം​ഗത്ത്. ബിജെപി അധ്യക്ഷൻ അമിത് ഷായെ മാറ്റണമെന്നും, നിതിൻ ​ഗഡ്കരിയെ ഉപപ്രധാനമന്ത്രി ആക്കണമെന്നുമാണ്  ബിജെപി നേതാവ് സംഘ്പ്രിയ ഗൗതം നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിനെ മാറ്റി രാജ്‌നാഥ് സിങിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിത് ഷായെ മാറ്റി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണം. നിലവിലെ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ രാജ്യസഭയില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കട്ടെയെന്നും സംഘ്പ്രിയ ഗൗതം അഭിപ്രായപ്പെട്ടു. മുൻ ബിജെപി അ​ധ്യക്ഷനായ ​ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കി ഉയർത്തണം. യോഗി ആദിത്യനാഥ് മതപരമായ കാര്യങ്ങളിലേക്ക് തിരിച്ച് പോകണമെന്നും സംഘ്പ്രിയ ഗൗതം ആവശ്യപ്പെട്ടു.

2019-ല്‍ മോദി തരംഗമുണ്ടാകുമെന്ന് കരുതാനാകില്ല. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മോദിയുടെ മന്ത്രങ്ങള്‍ വീണ്ടും പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യം സ്വമേധയാ സമ്മതിക്കുകയും മൗനം പാലിക്കുകയുമാണ്. കേന്ദ്രസര്‍ക്കാർ നയങ്ങള്‍ക്കെതിരെ രോഷം പടര്‍ന്ന്പിടിക്കുകയാണ്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാകും. പല സംസ്ഥാനങ്ങളിലും പാര്‍ട്ടി തുടച്ച് നീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു 88 കാരനായ സംഘ്പ്രിയ ഗൗതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com