തെളിവ് സഹിതം മറുപടിയുമായി നിർമല സീതാരാമൻ; രാഹുൽ കള്ളങ്ങള്‍ വിളിച്ച് പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു; മാപ്പ് പറഞ്ഞ് എംപി സ്ഥാനം രാജി വയ്ക്കണം

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിര്‍മല സീതാരമാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക് പോര് തുടരുന്നു
തെളിവ് സഹിതം മറുപടിയുമായി നിർമല സീതാരാമൻ; രാഹുൽ കള്ളങ്ങള്‍ വിളിച്ച് പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു; മാപ്പ് പറഞ്ഞ് എംപി സ്ഥാനം രാജി വയ്ക്കണം

ന്യൂഡൽഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിര്‍മല സീതാരമാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക് പോര് തുടരുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന് ഒരു ലക്ഷം കോടിയലധികം രൂപയുടെ പ്രതിരോധ കരാര്‍ നല്‍കിയെന്ന് ലോക്സഭയില്‍ പറഞ്ഞ പ്രതിരോധ മന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ, രാഹുലിന് തെളിവ് സഹിതം മറുപടി നൽകിയാണ് നിർമല സീതാരാമൻ തിരിച്ചടിച്ചത്. 

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകൾ നൽകിയെന്ന് പ്രതിരോധമന്ത്രി നി‍ർമലാ സീതാരാമൻ പാർലമെന്‍റിൽ കളവ് പറഞ്ഞെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം. ഇത് സംബന്ധിച്ച് എച്ച്എഎല്‍ നല്‍കിയെന്ന തരത്തിലുള്ള ഒരു ദേശീയ ദിനപത്രത്തില്‍ വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. തങ്ങള്‍ക്ക് ഒരു രൂപയുടെ കരാര്‍ പോലും ലഭിച്ചിട്ടില്ലെന്ന് എച്ച്എഎല്‍ വ്യക്തമാക്കിയതായിട്ടായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകിയെങ്കിൽ അതിന് തെളിവ് എവിടെ? ആ തെളിവ് തന്നില്ലെങ്കിൽ നിർമല രാജി വയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. 

റഫാൽ ഇടപാട് എച്ച്എഎല്ലിന് നൽകിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധ കരാറുകൾ കേന്ദ്ര സർക്കാർ ഇടപെട്ട് നൽകിയിട്ടുണ്ടെന്നായിരുന്നു പ്രതിരോധ മന്ത്രി നിർമലാസീതാരാമൻ മറുപടിയായി പാർലമെന്‍റിനെ അറിയിച്ചത്. എച്ച്എഎല്ലുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ട പ്രതിരോധ മന്ത്രി അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന് രാഹുൽ കള്ളങ്ങള്‍ വിളിച്ച് പറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറഞ്ഞ് പാര്‍ലമെന്‍റ് അംഗത്വം രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

എച്ച്എഎല്ലുമായി ഇതുവരെ 26570 കോടിയുടെ കരാറില്‍ ഒപ്പു വച്ചു കഴിഞ്ഞു. 73000 കോടിയുടെ കരാറുമായി ബന്ധപ്പെട്ട് കമ്പനിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. കരാറിന്റെ വിവരങ്ങളും പ്രതിരോധ മന്ത്രി പുറത്തുവിട്ടിട്ടുണ്ട്. എഎല്‍എച്ച് ദ്രുവ് ഹെലികോപ്ടറുകള്‍, എഎല്‍31 എഫ്പി, ആര്‍ഡി 33 എന്‍ജിന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്, ഡോണിയര്‍ എയര്‍ക്രാഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട കരാറുകളാണ് എച്ച്എഎല്ലുമായി ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com