38 രൂപയുടെ ഒരു ബോട്ടില്‍ ഫാന്റയ്ക്ക് 244 രൂപ; തെറ്റില്ലെന്ന് കോടതി 

നിശ്ചയിച്ച വിലയ്ക്ക് തന്നെ ശീതളപാനീയങ്ങള്‍ വില്‍ക്കാന്‍ ഭക്ഷണശാലകളെ അനുവദിച്ച് ബോംബെ ഹൈക്കോടതി
38 രൂപയുടെ ഒരു ബോട്ടില്‍ ഫാന്റയ്ക്ക് 244 രൂപ; തെറ്റില്ലെന്ന് കോടതി 

മുംബൈ: നിശ്ചയിച്ച വിലയ്ക്ക് തന്നെ ശീതളപാനീയങ്ങള്‍ വില്‍ക്കാന്‍ ഭക്ഷണശാലകളെ അനുവദിച്ച് ബോംബെ ഹൈക്കോടതി. വില്‍പ്പനയ്ക്ക് അപ്പുറം ഭക്ഷണവസ്തുക്കളുടെ വിതരണത്തെ സേവനമായി കണ്ടാണ് കോടതിയുടെ ഇടപെടല്‍. ശീതള പാനീയങ്ങളുടെ പുറത്ത് പ്രിന്റ് ചെയ്ത് ഒട്ടിച്ചിരിക്കുന്ന വിലയ്ക്ക് മാത്രമേ വില്‍ക്കാന്‍ പാടുളളുവെന്ന ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഉത്തരവ് റദ്ദു ചെയ്ത് കൊണ്ടാണ് കോടതി വിധി. 

ശീതള പാനീയമായ ഫാന്റയുടെ ഒരു ബോട്ടിലിന് 244 രൂപ അമിതനിരക്കായി ഈടാക്കി എന്ന് കാണിച്ച് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നിയമനപടി ചോദ്യം ചെയ്ത് ദക്ഷിണ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റായ 'പിസാ ബൈ ദ ബേ'  നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 38 രൂപ പ്രിന്റ് ചെയ്തിരിക്കുന്ന ഫാന്റയ്ക്ക് ഇത്ര ഉയര്‍ന്ന വില ഈടാക്കിയതിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം റെസ്റ്റോറന്റിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് റദ്ദു ചെയ്താണ് കോടതിയുടെ ഇടപെടല്‍.

സീല്‍ ചെയ്ത ബോട്ടില്‍ നല്‍കി എന്നതുകൊണ്ട് മാത്രം സര്‍വീസിനെ വില്‍പ്പനയായി കാണാന്‍ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ നിയമം ലംഘിച്ചാണ് ഇടപാട് നടത്തിയതെന്ന്് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഫാന്റയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് 2017 ജൂലൈയിലാണ് ലീഗല്‍ മെട്രോളജി വിഭാഗം റെസ്‌റ്റോറന്റിന് നോട്ടീസ് നല്‍കിയത്. ശീതളപാനീയങ്ങള്‍ വില്‍പ്പന നടത്തുന്ന സമയത്ത് നടന്ന പരിശോധനയെ തുടര്‍ന്നാണ് ലീഗല്‍ മെട്രോളജി വിഭാഗം നോട്ടീസ് നല്‍കിയതെന്ന് റെസ്‌റ്റോറന്റ് കോടതിയില്‍ വാദിച്ചു. ബോട്ടില്‍ അതിഥികള്‍ക്ക് വില്‍ക്കുകയായിരുന്നില്ല, അത് വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് റെസ്‌റ്റോറന്റ് കോടതിയില്‍ ബോധിപ്പിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com