കേരള സര്‍ക്കാരിനെ പിരിച്ചുവിടണം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ലോക്‌സഭയില്‍

സംസ്ഥാനത്തെ സിപിഎം അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു
കേരള സര്‍ക്കാരിനെ പിരിച്ചുവിടണം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ലോക്‌സഭയില്‍


ന്യൂഡല്‍ഹി: കേരളത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി പാര്‍ലമെന്റില്‍. സംസ്ഥാനത്തെ സിപിഎം അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഝാര്‍ഖണ്ഡില്‍നിന്നുള്ള അംഗം നിഷികാന്ത് ദുബൈയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. 

ശബരിമല വിധിയെത്തുടര്‍ന്ന് കേരളത്തിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിന്റെ മറവില്‍ സിപിഎം വ്യാപകമായി അക്രമം നടത്തുകയാണെന്നാണ് ബിജെപിയുടെ ആരോപണം. കേരളത്തില്‍ ബിജെപിയുടെ സ്വാധീനം കൂടുന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നതായി നിഷികാന്ത് ദുബെ പറഞ്ഞു. ത്രിപുരയിലേതു പോലെ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമോയെന്ന ഭയമാണ് സിപിഎമ്മിന്. ഇതുകൊണ്ടാണ് വ്യാപകമായി അക്രമം നടത്തുന്നതെന്ന് ദുബെ പറഞ്ഞു.

വി മുരളീധരന്‍ എംപിയുടെ വീടിനു നേരെയുണ്ടായ അക്രമത്തിനെതിരെ രാവിലെ ബിജെപി എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്കു സമീപമാണ് എംപിമാര്‍ പ്രതിഷേധവുമായി അണിനിരന്നത്. 

ബിജെപി നേതാക്കള്‍ പോലും കേരളത്തില്‍ ആക്രമിക്കപ്പെടുകയാണെന്ന പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ പ്രതിഷേധം നടത്തിയത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചിരുന്നു.

ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുന്നതിനിടെയാണ് കേരള സര്‍ക്കാരിനെ മോദി വിമര്‍ശിച്ചത്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആക്രമിക്കുന്നതായും കേസുകളില്‍പെടുത്തുന്നതായും പറഞ്ഞ മോദി വി.മുരളീധരന്‍ എം.പിയുടെ വീടിന് നേരെ നടന്ന ബോംബാക്രമണം ഇതിന് തെളിവാണെന്നും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com