രാജ്യം ഉറ്റുനോക്കുന്ന ജനവിധി ഏപ്രിലില്‍ ?; വോട്ടെടുപ്പ് പത്തുഘട്ടമെന്ന് സൂചന ; ഏഴ് നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് പരിഗണനയില്‍

ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി മെയ് -ജൂണ്‍ മാസത്തില്‍ അവസാനിക്കുകയാണ്
രാജ്യം ഉറ്റുനോക്കുന്ന ജനവിധി ഏപ്രിലില്‍ ?; വോട്ടെടുപ്പ് പത്തുഘട്ടമെന്ന് സൂചന ; ഏഴ് നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് പരിഗണനയില്‍

ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഈ വര്‍ഷം ഏപ്രിലിലെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച് മെയ് മധ്യത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്ന തരത്തില്‍ വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. 2014 ലേതിന് സമാനമായി ഒമ്പതോ, പത്തോ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുകയെന്നും  ന്യൂ ഇന്ത്യൻ എക്സ്പ്രസ്  റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ആറോ, ഏഴോ നിയമസഭകളിലേക്കും വോട്ടെടുപ്പ് നടത്തിയേക്കുമെന്നും സൂചനയുണ്ട്. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി മെയ് -ജൂണ്‍ മാസത്തില്‍ അവസാനിക്കുകയാണ്. ഇതോടൊപ്പം നിലവില്‍ രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീരിലും തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന. 

കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ്, ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, ഹരിയാന അസംബ്ലികളുടെ കാലാവധി നവംബര്‍ ആദ്യവാരമാണ് അവസാനിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെങ്കില്‍ പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ, ആറുമാസം മുമ്പേ അസംബ്ലി പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

2014 ല്‍ ഏപ്രില്‍ 7 ന് ആരംഭിച്ച് മെയ് 12 ന് അവസാനിച്ച രീതിയില്‍, ഒമ്പതുഘട്ടമായാണ് നടന്നത്. ഈ മാതൃക തന്നെ പിന്തുടരാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഏപ്രില്‍ എട്ടിനോ, തൊട്ടടുത്ത ദിവസങ്ങളിലോ വോട്ടെടുപ്പ് ആരംഭിക്കുക, മെയ് പകുതിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുക എന്നതാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. 

പൊതുതെരഞ്ഞെടുപ്പിനൊപ്പം ഏഴ് സംസ്ഥാന നിയമസഭകളിലേക്കും വോട്ടെടുപ്പ് നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവില്‍ കാര്യമായ കുറവുണ്ടാകും. മാത്രമല്ല സുരക്ഷ ഉദ്യോഗസ്ഥരുടെ വിന്യാസവും കാര്യമായ പ്രശ്‌നമുണ്ടാക്കില്ലെന്ന് കമ്മീഷന്‍ കണക്കുകൂട്ടുന്നു. 22.3 ലക്ഷം ബാലറ്റ് യൂണിറ്റുകള്‍, 16.3 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍, 17.3 ലക്ഷം വിവിപാറ്റ് മെഷീനുകളോ പേപ്പര്‍ ട്രാല്‍ മെഷീനുകളോ 2019 ലെ തെരഞ്ഞെടുപ്പില്‍ വേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നത്. 

തെരഞ്ഞെടുപ്പ് നടപടികളുടെ അവസാനഘട്ട വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി അവസാന വാരത്തോടെ രാജ്യം ഉറ്റുനോക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കും. പൊതുതെരഞ്ഞെടുപ്പിനൊപ്പം ഏഴ് നിയമസഭകളിലേക്കും ഒരുമിച്ച് വോട്ടെടുപ്പ് നടത്തിയാല്‍ പിന്നെ 2019 ല്‍ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com