റഫാല്‍; മറുപടിയുമായി നിര്‍മ്മലാ സീതാരാമന്‍; ലോക്‌സഭയില്‍ ബഹളം, സസ്‌പെന്‍ഷന്‍

പ്രതിരോധരംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം
റഫാല്‍; മറുപടിയുമായി നിര്‍മ്മലാ സീതാരാമന്‍; ലോക്‌സഭയില്‍ ബഹളം, സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പ്രതിരോധരംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 വരെ ലോക്‌സഭ നിര്‍ത്തിവെച്ചു. എന്നാല്‍ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് അവകാശലംഘന നോട്ടീസിന് മറുപടിയായി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. 2014-18 കാലയളവില്‍ തന്നെ 26,570 കോടി രൂപയുടെ കരാര്‍ എച്ച്എഎല്ലിന് ലഭിച്ചതായി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. അവശേഷിക്കുന്ന 73,000 കോടി രൂപയുടെ കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും നിര്‍മ്മലാ സീതാരാമന്‍ സഭയെ അറിയിച്ചു. 

എച്ച്എഎല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രതികരിച്ചിരുന്നു. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മലാ സീതാരാമനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് നോട്ടീസ് നല്‍കിയത്. ഇത് സഭ പരിഗണിക്കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത് കണക്കിലെടുക്കാതെ നോട്ടീസിന് മറുപടി നല്‍കാന്‍ നിര്‍മ്മലാ സീതാരാമനെ സ്പീക്കര്‍ ക്ഷണിച്ചു.തുടര്‍ന്ന് മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷം ഒന്നടങ്കം ബഹളം വെച്ചത്. സഭയില്‍ ബഹളം വെച്ച അഞ്ച് അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവരോട് സഭയില്‍ നിന്ന് പുറത്തുപോകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബഹളം തുടര്‍ന്നതോടെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ സഭ നിര്‍ത്തിവെയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. 

പ്രതിരോധമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. എന്നാല്‍ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും 2014-18 കാലയളവില്‍ 26,570 കോടി രൂപയുടെ കരാര്‍ എച്ച്എഎല്ലിന് ഇതിനോടകം തന്നെ ലഭിച്ചതായും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. അവശേഷിക്കുന്ന 73,000 കോടി രൂപയുടെ കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും നിര്‍മ്മലാ സീതാരാമന്‍ സഭയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com